കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കില്ല; ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി അല്‍പേഷ് താക്കൂര്‍
D' Election 2019
കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കില്ല; ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി അല്‍പേഷ് താക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 09, 02:28 pm
Saturday, 9th March 2019, 7:58 pm

അഹമ്മദാബാദ്: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകളെ തള്ളി ഗുജറാത്ത് എം.എല്‍.എ അല്‍പേഷ് താക്കൂര്‍. നേതൃത്വവുമായി ഭിന്നത ഉണ്ടായിരുന്നുവെന്നും പക്ഷെ കോണ്‍ഗ്രസില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും താക്കൂര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെ മുഖങ്ങളിലൊന്നായിരുന്നു അല്‍പേഷ് താക്കൂര്‍. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഗുജറാത്ത് കോണ്‍ഗ്രസ് ഘടകവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു.

ഇന്ന് ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പാര്‍ട്ടിയില്‍ തുടരുമെന്ന് അല്‍പേഷ് വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് സെക്രട്ടറി പദവിയും ബീഹാര്‍ സംസ്ഥാനത്തിന്റെ ചുമതലയും അല്‍പേഷിന് പാര്‍ട്ടി നല്‍കിയിട്ടുണ്ട്. 2017ലാണ് അല്‍പേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.. രാധന്‍പൂരില്‍ നിന്ന് മത്സരിച്ച് ജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

ഗുജറാത്തില്‍ എം.എല്‍.എമാരായ ജവഹര്‍ ചാവ്ദ, പര്‍ഷോത്തം ശബര്യ എന്നിവര്‍ രാജിവെച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്ന ചാവ്ദയെ ബി.ജെ.പി ക്യാബിനറ്റ് മന്ത്രിയാക്കിയിരുന്നു.