അല്‍പേഷ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ഗാന്ധിനഗര്‍: ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അല്‍പേഷ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. മറ്റൊരു മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ധവാല്‍സിംഗ് സാലയും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഏപ്രില്‍ പത്തിനാണ് താക്കൂര്‍ കോണ്‍ഗ്രസ് പദവികളും അംഗത്വവും രാജിവെച്ചത്. പാര്‍ട്ടിയുടെ വഞ്ചനയിലും അപമാനത്തിലും പ്രതിഷേധിച്ചാണ് തീരുമാനം എന്നാണ് രാജിക്കത്തില്‍ പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവ് വന്ന രണ്ട് രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരേ വോട്ട് ചെയ്യുകയും അത് പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു അല്‍പേഷ്.
ഏതു പാര്‍ട്ടിക്കണോ ജനപിന്തുണ നഷ്ടപ്പെട്ടത് ഏതു പാര്‍ട്ടിയാണോ ഞങ്ങളെ വഞ്ചിച്ചത് അവര്‍ക്കെതിരെയാണ് വോട്ടു ചെയ്തെന്ന് അല്‍പേഷ് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.
ഗുജറാത്ത് ക്ഷത്രിയ താക്കൂര്‍ സേന രൂപീകരിച്ചാണ് അല്‍പേഷ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. ഒ.ബി.സി, എസ്.സി, എസ്.ടി ഏക്താ മഞ്ച് രൂപീകരിച്ച താക്കൂര്‍ സംവരണത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായി.
രാഹുല്‍ ഗാന്ധി പ്രത്യേക താല്‍പര്യമെടുത്താണ് 2017ല്‍ അല്‍പേഷിനെ കോണ്‍ഗ്രസില്‍ എത്തിച്ചത്. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രധന്‍പൂരില്‍ മത്സരിച്ചു വിജയിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി ബിഹാര്‍ ഇന്‍ചാര്‍ജ് ആയി താക്കൂറിനെ രാഹുല്‍ ഗാന്ധി നിയോഗിച്ചിരുന്നു. എന്നാല്‍, തനിക്ക് ഗുജറാത്തിന്റെ ചുമതല നല്‍കണമെന്നാവശ്യപ്പെട്ട താക്കൂര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു.
തന്റെ അനുയായികളെ ഗുജറാത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചുവെന്ന തോന്നലുണ്ടെന്നും സംസ്ഥാനത്തെ നേതൃത്വം ദുര്‍ബലമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.