| Thursday, 30th November 2023, 6:54 pm

ടി-20യില്‍ മൂന്ന് ഓവറില്‍ ഒരു റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ്, എക്കോണമി 0.33 😳🔥; ഈ 'മുംബൈക്കാരന്' എങ്ങനെ കയ്യടിക്കാതിരിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിന്റെ ആഫ്രിക്ക ക്വാളിഫയരില്‍ നടന്ന ഉഗാണ്ട – റുവാണ്ട മത്സരത്തില്‍ ഉഗാണ്ട വിജയിച്ചിരുന്നു. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഉഗാണ്ടയുടെ വിജയം.

റുവാണ്ട ഉയര്‍ത്തിയ 66 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഉഗാണ്ട 8.1 ഓവറില്‍ വിജയം കണ്ടെത്തുകയായിരുന്നു. ഈ വിജയത്തിന് പിന്നാലെ 2024ല്‍ അമേരിക്കലും വെസ്റ്റ് ഇന്‍ഡീസും ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിന് യോഗ്യത നേടാനും ഉഗാണ്ടക്കായി.

റുവാണ്ടന്‍ നിരയില്‍ രണ്ട് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. 22 പന്തില്‍ 19 റണ്‍സ് നേടിയ എറിക് ഡുസിംഗിസിമാനയാണ് റുവാണ്ടന്‍ നിരയിലെ ടോപ് സ്‌കോറര്‍.

റുവാണ്ടന്‍ ബാറ്റിങ് ഓര്‍ഡറിനെ തച്ചുടയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് അല്‍പേഷ് രവിലാല്‍ രംജാനിയെന്ന ഇന്ത്യന്‍ വംശജനാണ്. രണ്ട് വിക്കറ്റ് നേടിയാണ് മുംബൈയില്‍ ജനിച്ച ഉഗാണ്ടയുടെ ലെഫ്റ്റ് ആം ഓര്‍ത്തഡോക്‌സ് ബൗളര്‍ തരംഗമായത്.

മൂന്ന് ഓവര്‍ പന്തെറിഞ്ഞ രംജാനി രണ്ട് ഓവറില്‍ ഒറ്റ റണ്‍സ് പോലും വിട്ടുകൊടുത്തില്ല. മൂന്നാം ഓവറിലാകട്ടെ വെറും ഒറ്റ റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഓപ്പണര്‍ ഓര്‍ക്കിഡ് തുയിസെംഗെ, ഇമ്മാനുവല്‍ സെബെറെം എന്നിവരെയാണ് രംജാനി പുറത്താക്കിയത്.

ഉഗാണ്ടക്കായി 30 അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ രംജാനി പന്തെറിഞ്ഞിട്ടുണ്ട്. 4.90 എന്ന എക്കോണമിയിലും 9.09 എന്ന ശരാശരിയിലും പന്തെറിയുന്ന താരം 55 അന്താരാഷ്ട്ര വിക്കറ്റും നേടിയിട്ടുണ്ട്.

നാല് വിക്കറ്റ് നേട്ടം രണ്ട് തവണ സ്വന്തമാക്കിയ താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം 4/9 ആണ്.

ലോകകപ്പിന്റെ ആഫ്രിക്ക ക്വാളിഫയേഴ്‌സിലെ ആറ് മത്സരത്തില്‍ നിന്നും 94 റണ്‍സ് വഴങ്ങി 12 വിക്കറ്റാണ് വീഴ്ത്തിയത്.

അതേസമയം, ഫുവാണ്ടക്കെതിരായ മത്സരത്തില്‍ അല്‍പേഷ് രംജാനിക്ക് പുറമെ ക്യാപ്റ്റന്‍ ബ്രയന്‍ മസാബയും ഹെന്റി സെന്യോന്‍ഡോയും ദിനേഷ് നാക്രാണിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. റിയാസത് അലി ഷായാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

Content highlight: Alpesh Ramjani’s brilliant performance against Rwanda

We use cookies to give you the best possible experience. Learn more