കൊച്ചി: അലോഷ്യസ് സേവ്യര്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്. മുന്‍ പ്രസിഡന്റ് കെ.എം.അഭിജിത്ത് രാജിവെച്ച ഒഴിവിലാണ് എറണാകുളം കെ.എസ്.യു ജില്ലാ അധ്യക്ഷനായ അലോഷ്യസ് സേവ്യര്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി നിയമിതനായത്.
മുഹമ്മദ് ഷമ്മാസിനെയും ആന്‍ സെബാസ്റ്റ്യനെയും സംസ്ഥാന വൈസ് പ്രസിഡന്റുമാരായും നിയമിച്ചു. അതേസമയം, കെ.എം. അഭിജിത്തിനെ എന്‍.എസ്.യു ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അംഗീകാരത്തോടെയാണ് നിയമനങ്ങള്‍.
അലോഷ്യസ് സേവ്യറിന്റെയും കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റ് അമല്‍ ജോയിയുടെയും പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പിന്തുണയോട് കൂടിയാണ് അലോഷ്യസിനെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് കെ.എസ്.യു നേതൃത്വത്തില്‍ ഒരു മാറ്റമുണ്ടാകുന്നത്. 2017ലാണ് കെ.എം. അഭിജിത്ത് കെ.എസ്.യു സംസ്ഥാന പ്രസിഡന്റാകുന്നത്. അഭിജിത്തിന്റെ നേതൃത്വത്തിലുളള സംസ്ഥാന കമ്മിറ്റി പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്.
വര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ കുത്തകയാണ് കെ.എസ്.യു പ്രസിഡന്റ് പദവി. ഇത്തവണയും മാറ്റമില്ലാതെ എ ഗ്രൂപ്പുകാരനായ അലോഷ്യസ് സേവ്യറിന് നറുക്ക് വീണു.
ഇടുക്കി സ്വദേശിയായ അലോഷ്യസിന്റെ പ്രവര്‍ത്തന മേഖല എറണാകുളമാണ്. തേവര എസ്.എച്ച് കോളേജിലെ മുന്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു. പ്രായപരിധിയില്‍ ഇളവുവരുത്തി വേണം ഇരുപത്തൊമ്പതുകാരനായ അലോഷ്യസിനെ സംസ്ഥാന അധ്യക്ഷനാക്കാന്‍.
അതേസമയം, പ്രായപരിധി അട്ടിമറിച്ചുള്ള നിയമനത്തിനെതിരെ കെ.എസ്.യുവില്‍ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. 27 വയസാണ് കെ.എസ്.യുവിന്റെ പ്രായപരിധിയായി നിശ്ചയിച്ചിരുന്നത്.
Content Higlight: Aloysius Xavier KSU State President