| Saturday, 17th September 2016, 8:48 pm

തന്റെ കേസ് ആളൂര്‍ വാദിക്കുന്നത് പ്രശസ്തിക്കെന്ന് ഗോവിന്ദച്ചാമി; ഗോവിന്ദച്ചാമിയെ സഹായിച്ചിട്ടില്ലെന്ന് ആകാശപ്പറവകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ആകാശപ്പറവകള്‍” എന്ന സംഘടനക്ക് താനുമായി ഒരു ബന്ധവുമില്ലെന്നും തന്റെ കേസ് വാദിക്കുന്നതിലൂടെ പ്രശസ്തി മാത്രമാണ് അഡ്വ. ബി.എ ആളൂര്‍ ലക്ഷ്യമിടുന്നതെന്നും ഗോവിന്ദച്ചാമി ജയിലധികൃതരോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. 


കണ്ണൂര്‍: സൗമ്യ വധക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന കാലത്ത് പ്രതി ഗോവിന്ദച്ചാമിയെ ജയിലില്‍ സന്ദര്‍ശിച്ചത് രണ്ടു പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്.
ഗോവിന്ദച്ചാമിയുടെ സഹോദരന്‍ സുബ്രഹ്മണ്യനും അഡ്വ. ബി.എ ആളൂരും മാത്രമാണ് ജയില്‍ സംവിധാനം ഉപയോഗിച്ച് ഗോവിന്ദച്ചാമിയെ ജയിലില്‍ സന്ദര്‍ശിച്ചിട്ടുള്ളതെന്ന് ജയിലധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ രണ്ടുപേരെയുമല്ലാതെ മാറ്റാരെയും ഗോവിന്ദച്ചാമി ഫോണില്‍ വിളിച്ചിട്ടുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

“ആകാശപ്പറവകള്‍” എന്ന സംഘടനക്ക് താനുമായി ഒരു ബന്ധവുമില്ലെന്നും തന്റെ കേസ് വാദിക്കുന്നതിലൂടെ പ്രശസ്തി മാത്രമാണ് അഡ്വ. ബി.എ ആളൂര്‍ ലക്ഷ്യമിടുന്നതെന്നും ഗോവിന്ദച്ചാമി ജയിലധികൃതരോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
ഇതിനിടെ ഗോവിന്ദച്ചാമിക്ക് നിയമസഹായം നല്‍കിയതും പണം മുടക്കിയതും തങ്ങളാണെന്ന ആരോപണം തള്ളി ആകാശപ്പറവകള്‍ എന്ന സംഘടന രംഗത്തെത്തി. ഗോവിന്ദച്ചാമിയുമായി യാതൊരു ബന്ധവും തങ്ങള്‍ക്കില്ലെന്ന് “നാഷണല്‍ സെന്റര്‍ ഓഫ് ദി ഫ്രണ്ട്‌സ് ആന്‍ഡ് ബേര്‍ഡ്‌സ് ഓഫ് ദ എയര്‍” എന്ന സംഘടനയുടെ പ്രതിനിധി അറിയിച്ചതായി നാരദാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സഭയുടെ സ്ഥാപകനും ഡയറക്ടറുമായ റെവ. ഫാദര്‍ ജോര്‍ജ് കുറ്റിക്കലിന്റെ സന്തതസഹചാരിയും സഹപ്രവര്‍ത്തകനുമായ ഇമ്മാനുവല്‍ അപ്പനാണ് ഇക്കാര്യം അറിയിച്ചത്.

സഭയുടെ ആശ്രമങ്ങള്‍ക്കു പോലും സ്വന്തം കെട്ടിടം ഇല്ല. ദല്‍ഹി ആശ്രമം പോലും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചില എന്‍.ആര്‍.ഐ മലയാളികള്‍ സഹായിക്കുന്നത് ഒഴിച്ചാല്‍ സഭയ്ക്ക് വിദേശഫണ്ടുകള്‍ ഒന്നും തന്നെയില്ല. ദൈനംദിനപ്രവര്‍ത്തനങ്ങള്‍ തന്നെ ഞെരുങ്ങിയാണ് നടത്തുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു കുറ്റവാളിക്ക് വേണ്ടി ഇത്രയും തുക ചെലവാക്കുക എന്നതൊക്കെ യുക്തിക്കു നിരക്കുന്നതല്ലെന്നും ഇമ്മാനുവല്‍ അപ്പന്‍ പറഞ്ഞതായി നാരദാ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പുരോഹിതരോ പ്രാര്‍ത്ഥനാ സംഘങ്ങളോ ഇതുവരെ ഗോവിന്ദച്ചാമിയെ കാണാനായി അനുമതി പോലും തേടിയിട്ടില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതായും നാരദാ ന്യൂസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ആകാശപ്പറവകള്‍ എന്ന ക്രൈസ്തവ സംഘടന നേരത്തെ മതം മാറ്റിയിരുന്നുവെന്നും ഇതിന് പ്രതിഫലമായി 50ലക്ഷം രൂപ മുടക്കി ഈ സംഘടനയാണ് കേസ് നടത്താന്‍ ബി.എ ആളൂരിനെ ഏര്‍പ്പാടാക്കിയതെന്നും സോഷ്യല്‍മീഡിയയിലും മറ്റും വ്യാപകമായി പ്രചരണമുണ്ടായിരുന്നു. കേസില്‍ ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഇത്തരം പ്രചരണങ്ങള്‍.

കേരളത്തിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇക്കാര്യം പിന്നീട് പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. വിവിധ മാധ്യമങ്ങളുടെയും മറ്റും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്കു പിന്നിലെ യാഥാര്‍ഥ്യമാണ് ഇപ്പോള്‍ ജയിലധികൃതരുടെയും ആകാശപ്പറവകള്‍ സംഘടനയുടെയും വെളിപ്പെടുത്തലുകളിലൂടെ പുറത്തുവന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more