| Saturday, 1st October 2016, 11:18 am

ഗോവിന്ദച്ചാമിക്ക് പിന്നില്‍ ആര്? അഡ്വ. ആളൂര്‍ വെളിപ്പെടുത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി താന്‍ ഹാജരായതിനു പിന്നില്‍ മുംബൈയിലെ മയക്കുമരുന്ന് മാഫിയയെന്ന അവകാശവാദവുമായി അഡ്വ. ആളൂര്‍. അവരാണ് തന്നെ കേസ് ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ആളൂര്‍ ഇക്കാര്യം പറഞ്ഞത്.

ഗോവിന്ദച്ചാമിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുംബൈയില്‍ സജീവമാണെന്നും ഇയാള്‍ മയക്കുമരുന്ന് മാഫിയയിലെ കണ്ണിയാണെന്നും ആളൂര്‍ പറഞ്ഞു. മുംബൈയുടെ പലഭാഗങ്ങളില്‍ ലഹരി മരുന്നു കേസുകളില്‍ പിടിയിലായ ആളുകളാണ് ഗോവിന്ദച്ചാമിക്കുവേണ്ടി തന്നെ സമീപിച്ചത്. ഇവര്‍ മുംബൈ പനവേല്‍ പ്രദേശങ്ങളില്‍ നിന്നുള്ള സംഘമാണ്. തമിഴ്‌നാട് സ്വദേശികളും ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് ആളൂര്‍ പറയുന്നു.


Don”t Miss: രാജ്യസ്‌നേഹം മറയാക്കി തങ്ങള്‍ക്കെതിരെ നിരന്തരം പോസ്റ്റിടുന്ന യുവാവിനെ ഒതുക്കാന്‍ സംഘപരിവാര്‍ ശ്രമം; ഭീഷണികളെത്തുടര്‍ന്ന് പരാതി നല്‍കാനൊരുങ്ങി യുവാവ്


” ഗോവിന്ദച്ചാമി ട്രെയിനില്‍ കളവുമാത്രമല്ല, ഈ പറയുന്നതുപോലെ മയക്കുമരുന്ന് അതുപോലുള്ള വസ്തുക്കള്‍ വില്‍ക്കുന്നു. മയക്കുമരുന്നുമായി ബന്ധപ്പെടുന്ന പലരും ബോംബെയിലുമായിട്ടും തമിഴ്‌നാട്ടിലുമായിട്ടും ഉണ്ടായിരുന്നു. എന്നെ കേസേല്‍പ്പിച്ച പനവേലിലെ ഒരു സംഘം എന്നോടു പറഞ്ഞത്, അവരില്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ആളുകള്‍ ഉണ്ടായിരുന്നു, അവര്‍ പറഞ്ഞു കേരളത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട്. വക്കീലിന് ഹാജരാകാന്‍ സാധിക്കുമോ? എന്ന്.” ആളൂര്‍ വെളിപ്പെടുത്തുന്നു.

” കേസ് ഏല്‍പ്പിക്കുമ്പോള്‍ തന്നെ മറ്റു പല കേസുകളിലെന്ന പോലെ എന്നോടു പറഞ്ഞിരുന്നു ആരാണ് ഈ കേസിന്റെ പിന്നിലെന്നുള്ള കാര്യം അവരോടു പറയരുത് എന്ന്” ആളൂര്‍ വ്യക്തമാക്കി.

ഗോവിന്ദച്ചാമിക്കുവേണ്ടി കേസേറ്റെടുത്തതില്‍ യാതൊരു കുറ്റബോധവുമില്ലെന്നും ആളൂര്‍ വ്യക്തമാക്കി.

സൗമ്യയെ ആക്രമിച്ചത് ബലാത്സംഗശ്രമത്തിനിടെയല്ലെന്നും മോഷണ ശ്രമത്തിനിടെയാണെന്നും ആളൂര്‍ പറഞ്ഞു. സൗമ്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നത് പൊലീസ് കെട്ടിച്ചമച്ചതാണെന്നും ബലാത്സംഗക്കുറ്റത്തിനായി പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമാണ് ആളൂര്‍ പറയുന്നത്.


പൊതുശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തോടെ ഗോവിന്ദച്ചാമിക്കുവേണ്ടി ആളൂര്‍ സ്വയം മുന്നോട്ടുവരികയായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനോടുള്ള പ്രതികരണം എന്ന നിലയിലാണ് ആളൂര്‍ ഇപ്പോള്‍ ഇത്തരമൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more