വീണ്ടും വിവേക്-വിനീത് കോമ്പോ; പരോക്ഷ സാന്നിധ്യമായി മല്ലിക സുകുമാരനും
Film News
വീണ്ടും വിവേക്-വിനീത് കോമ്പോ; പരോക്ഷ സാന്നിധ്യമായി മല്ലിക സുകുമാരനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th July 2022, 7:56 am

ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ കടുവക്ക് മികച്ച തുടക്കം തന്നെയാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. നിറഞ്ഞ തിയേറ്ററുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്. പാലായിലെ പ്രമാണിയായ കടുവക്കുന്നില്‍ കുര്യച്ചന്റെ കഥ പറഞ്ഞ ചിത്രം ഒരിടവേളക്ക് ശേഷമുള്ള മാസ് ആക്ഷന്‍ സിനിമ എന്ന നിലയിലും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വിവേക് ഒബ്രോയ്, സംയുക്ത മേനോന്‍, അലന്‍സിയര്‍, ബൈജു, മല്ലിക സുകുമാരന്‍, ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ വിവേക് ഒബ്രോയ്ക്ക് ശബ്ദം നല്‍കിയത് വിനീത് രാധാകൃഷ്ണനായിരുന്നു. നേരത്തെ ലൂസിഫറിലും താരത്തിന് ശബ്ദമായത് വിനീതായിരുന്നു. താരത്തിന്റെ ആദ്യമലയാളം ചിത്രത്തിലെ ഡബ്ബിങിന് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡും വിനീതിന് ലഭിച്ചിരുന്നു. ലൂസിഫറിലെ ബോബിക്ക് ചേര്‍ന്ന ശബ്ദഗാംഭീര്യം നല്‍കിയ വിനീത് ആ മികവ് ഒന്നുകൂടി ആവര്‍ത്തിച്ചിരിക്കുകയാണ്.

ലൂസിഫറില്‍ വിവേകിന്റേത് കാം ആന്റ് ക്വയറ്റ് വില്ലനായിരുന്നെങ്കില്‍ കടുവയിലേക്ക് വരുമ്പോള്‍ അത് ദേഷ്യവും സങ്കടവും പകയും പ്രതികാരവുമെല്ലാം തുറന്ന് പ്രതിഫലിപ്പിക്കുന്ന വില്ലനാണ്. ഐ.ജി ജോസഫ് ചാണ്ടിയെ അതിന്റെ എല്ലാ തികവോടെയും അവതരിപ്പിക്കാന്‍ വിവേകിനായിട്ടുണ്ട്. ഈ അഭിനയത്തിനൊപ്പം തന്റെ ശബ്ദം കൂടി സന്നിവേശിപ്പിക്കാന്‍ വിനീതിനും കഴിഞ്ഞു.

ചിത്രത്തില്‍ ജോസഫ് ചാണ്ടിയുടെ അമ്മ കഥാപാത്രമായ തിരുത ചേട്ടത്തിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് സീമയായിരുന്നു. സീമക്ക് ശബ്ദം നല്‍കിയതാവട്ടെ മല്ലിക സുകുമാരനും. സിനിമയില്‍ വളരെ സ്‌ട്രോങ്ങായ സ്ത്രീകഥാപാത്രമാണ് തിരുത ചേട്ടത്തിയുടേത്.

അതുകൊണ്ട് തന്നെ സൗണ്ട് മോഡുലേഷനിലും ആ എടുപ്പും അമര്‍ഷവുമെല്ലാം വരേണ്ടതുണ്ടായിരുന്നു. അതിനനുസരിച്ച് മല്ലിക സുകുമാരും തന്റെ റോള് ഗംഭീരമാക്കിയിട്ടുണ്ട്. ചില സമയത്ത് സീമയുടെ അഭിനയത്തിലെ ഊര്‍ജത്തെക്കാള്‍ മല്ലികയുടെ ശബ്ദം മേലേ പോയതായും തോന്നി.

വിവേക് ഒബ്രോയ്ക്കും സീമക്കും ഒപ്പം തന്നെ വിനീതും മല്ലിക സുകുമാരനും ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

Content Highlight: Along with Vivek Obroi and Seema, Vineeth and Mallika Sukumaran also became a part in kaduva