| Saturday, 28th January 2023, 3:47 pm

എലോണ്‍ ഒരു പരീക്ഷണ ചിത്രമോ, പ്രേക്ഷകര്‍ക്കുള്ള പരീക്ഷണമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആറാം തമ്പുരാന്‍, നാട്ടുരാജാവ്, നരസിംഹം, താണ്ഡവം, അലിഭായ് തുടങ്ങി വലിയ മാസ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച കോമ്പോയാണ് മോഹന്‍ലാല്‍-ഷാജി കൈലാസ്. ആ കോമ്പോ വീണ്ടും എലോണ്‍ എന്ന സിനിമയിലൂടെ ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. സിനിമയുടെ ടീസറും ട്രയിലറുമൊക്കെ പുറത്തിറങ്ങിയപ്പോള്‍ തന്നെ സാധാരണ ഷാജി കൈലാസ് ചിത്രത്തിന്റെ സ്വഭാവമല്ല എലോണിന്റേതെന്ന് പ്രേക്ഷകര്‍ക്ക് മനസിലായി.

മോഹന്‍ലാലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് സിനിമ. കാളിദാസ് എന്ന പേരിലാണ് മോഹന്‍ലാല്‍ കഥാപാത്രം സിനിമയിലെത്തുന്നത്. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക് ഡൗണില്‍ ഒരു ഫ്‌ളാറ്റില്‍ അകപ്പെട്ട് പോവുകയാണ് മോഹന്‍ലാലിന്റെ കാളിദാസ്. പിന്നീട് അവിടെ നടക്കുന്ന അസ്വഭാവികമായ ചില സംഭവവികാസങ്ങളാണ് സിനിമയുടെ പശ്ചാത്തലം.

അവിടം വരെ സിനിമയുടെ കഥ ഓക്കെയാണ്. എന്നാല്‍ രണ്ട് മണിക്കൂര്‍ പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ചിരുത്താന്‍ മാത്രം എന്താണ് എലോണിലുള്ളതെന്ന് ചോദിച്ചാല്‍ ശൂന്യം എന്നാണ് ഉത്തരം. പാളിപ്പോകുന്ന തിരക്കഥയൊക്കെ പിന്നെയും സഹിക്കാം. ഒന്നില്ലെങ്കിലും മോഹന്‍ലാലിനെ എങ്കിലും സ്‌ക്രീനില്‍ കാണാമല്ലോ. എന്നാല്‍ വെറുതെ ചുറ്റി കറങ്ങുന്ന ക്യാമറ സിനിമ കാണാന്‍ വരുന്നവരുടെ തല ചുറ്റിക്കുന്നുണ്ട്.

സിനിമ കണ്ട് തീര്‍ക്കുമ്പോള്‍ എന്തിനാണ് ക്യാമറ ഇങ്ങനെ ഓടിനടക്കുന്നതെന്ന് ഉറപ്പായും തോന്നും. ഒരു സ്ഥിരതയില്ലാതെയാണ് സിനിമയില്‍ ക്യാമറ ക്രമീകരിച്ചിരിക്കുന്നത്. ഒരു ത്രില്ലര്‍ സിനിമയില്‍ ഇത്തരത്തിലുള്ള ക്യാമറ ആങ്കിളുകള്‍ പൊതുവെ കാണാവുന്നതാണ്. എന്തിനാണ് ഇത്തരം മൂവ്‌മെന്റുകളെന്ന് സാധാരണ പ്രേക്ഷകര്‍ക്ക് മനസിലായില്ലെങ്കില്‍ പോലും സിനിമക്ക് അതൊരു ഇമ്പാക്ട് നല്‍കുന്നുണ്ടാകും.

എന്നാല്‍ എലോണിലേക്ക് വരുമ്പോള്‍ ഇത്തരം ഷോട്ടുകള്‍ ഒരു തരത്തിലും സിനിമക്ക് അനുയോജ്യമാകുന്നില്ല. അത് ഒരുവേള സിനിമയുടെ ഒഴുക്കിനെ തന്നെ സാരമായി ബാധിക്കുന്നുണ്ട്. പരീക്ഷണ ചിത്രവുമായി വരുമ്പോള്‍ ക്യാമറയിലും കുറച്ച് പരീക്ഷണങ്ങളാവാം എന്നായിരിക്കും ഷാജി കൈലാസ് കരുതിയിട്ടുണ്ടാവുക.

ഒരു കാര്യവുമില്ലാതെ കട്ടിലിനടിയില്‍ നിന്നും കതകിന് പിന്നില്‍ നിന്നും കര്‍ട്ടനിടയില്‍ നിന്നുമൊക്കെയുള്ള ചില ഷോട്ടുകള്‍ കാണാം. ഇതൊക്കെ എന്തിനായിരുന്നു എന്നും സിനിമക്കെന്ത്ഇമ്പാക്ടാണ ഇതൊക്കെ നല്‍കിയതെന്നും ബാക്കിനില്‍ക്കുന്ന ചില ചോദ്യങ്ങളാണ്.

content highlight: alone movie camera angles issues

We use cookies to give you the best possible experience. Learn more