അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥി സമരത്തില്‍ വര്‍ഗീയത ആരോപിച്ചുള്ള മകളുടെ പ്രസംഗങ്ങള്‍ ഷെയര്‍ ചെയ്ത് ഇടുക്കി ഡി.സി.സി സെക്രട്ടറി ബെന്നി പെരുവന്താനത്ത്. ലൗ ജിഹാദ് ആരോപണം അടക്കമുള്ള മകള്‍ അലോഖയുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ബെന്നി പെരുവന്താനത്ത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചതില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന സമരത്തില്‍ വര്‍ഗീയത ആരോപിച്ച് ചെയ്ത ഒരു വീഡിയോയിലൂടെയാണ്
ബെന്നി പെരുവന്താനത്തിന്റെ അലോഖ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
തുടര്‍ന്ന് ഇതേ വിഷയത്തില്‍ പൊതുവേദികളിലും വിദ്വേഷ പ്രസംഗവുമായി അലോഖ പ്രത്യക്ഷപ്പെട്ടതും വിമര്‍ശിക്കപ്പെട്ടിരുന്നു. ‘പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകള്‍’ ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ വേണ്ടി നടത്തുന്ന നീക്കമാണെന്നായിരുന്നു വിദ്യാര്‍ത്ഥി സമരത്തെ അലോഖ വിശേഷിപ്പിച്ചിരുന്നത്. അമല്‍ജ്യോതി കോളേജ് വന്നത് കാരണം മറ്റ് സമുദായങ്ങളുടെ കോളേജുകള്‍ക്ക് നഷ്ടമുണ്ടായതിനാലാണ് കോളേജിനെ ടാര്‍ഗറ്റ് ചെയ്ത് സമരം നടത്തുന്നതെന്നായിരുന്നു അലോഖയുടെ മറ്റൊരു വാദം.
ഇതിന് പിന്നാലെ കോളേജിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടന്ന സമരത്തെ വര്‍ഗീയത ആരോപിച്ച് തകര്‍ക്കാന്‍ തീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ അലോഖയെ ഉപയോഗിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നിരുന്നു.
ബെന്നി പെരുവന്താനത്ത് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച അലോഖയുടെ വീഡിയോക്ക് താഴെയും വലിയ വിമര്‍ശനമാണ് ഉയരുന്നത്. സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും നിഷേധിച്ച ലൗ ജിഹാദിനെ ഉപയോഗിച്ച് വര്‍ഗീയ ധ്രുവീകരണം നടത്തികോണ്‍ഗ്രസുകാരനായിയിരിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നാണ് വിമര്‍ശനം.
അതേസമയം, അമല്‍ ജ്യോതി കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷാ(20)ണ് കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തിരുന്നത്. ഒപ്പം താമസിക്കുന്ന കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയി തിരിച്ചു വരുമ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ ശ്രദ്ധയെ കാണുകയായിരുന്നു. ഉടന്‍ കുട്ടികള്‍ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളേജ് ജീവനക്കാര്‍ ശ്രദ്ധയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണമുന്നയിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നത്. വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായിത്തുടങ്ങിയതോടെ കോളേജ് മാനേജ്മെന്റ് പൊലീസിനെ സമീപിക്കുകയും കോടതി ഉത്തരവ് വാങ്ങി കോളേജിന് സംരക്ഷണം തേടുകയും ചെയ്തിരുന്നു.