അലോക് വര്‍മ്മയെ വിടാതെ മോദി സര്‍ക്കാര്‍: രാജി നിരസിച്ചു; വിരമിക്കാന്‍ ഒരുദിവസം ശേഷിക്കെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
national news
അലോക് വര്‍മ്മയെ വിടാതെ മോദി സര്‍ക്കാര്‍: രാജി നിരസിച്ചു; വിരമിക്കാന്‍ ഒരുദിവസം ശേഷിക്കെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st January 2019, 1:11 pm

 

ന്യൂദല്‍ഹി: ഐ.പി.എസ് ഓഫീസര്‍ അലോക് വര്‍മ്മയുടെ രാജി സര്‍ക്കാര്‍ നിരസിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് അലോക് വര്‍മ്മയോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു അലോക് വര്‍മ്മ രാജിവെച്ചത്. എന്നാല്‍ രാജി നിഷേധിച്ച ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഡയറക്ടര്‍ ജനറല്‍ ഓഫ് ഫയര്‍ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്‌സ് ആയായിരുന്നു അലോക് വര്‍മ്മയെ നിയമിച്ചത്.

Also read:രാംഗഡ്‌ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസിന് ഉജ്ജ്വല ജയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കിയത്. മോദിക്കു പുറമേ സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍.

ഇതിനു പിന്നാലെ തനിക്ക് നീതി നിഷേധിച്ചെന്നും നടപടി ക്രമങ്ങള്‍ അട്ടിമറിച്ചെന്നും ആരോപിച്ചായിരുന്നു അലോക് വര്‍മ്മ രാജിവെച്ചത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് തന്നെ പുറത്താക്കാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഏജന്‍സിയാണ് സി.ബി.ഐ. ഈ ഏജന്‍സിയില്‍ പുറമേ നിന്നുള്ള ഇടപെടല്‍ ഉണ്ടാകരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത്തരം ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.