| Thursday, 25th October 2018, 8:06 pm

അലോക് വര്‍മ്മയേയും രാകേഷ് അസ്താനയേയും സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സി.ബി.ഐ അധികൃതര്‍ രംഗത്ത്. അലോക് വര്‍മ്മയേയും രാകേഷ് അസ്താനയേയും സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയിട്ടില്ലെന്നും ചുമതലകളില്‍ നിന്ന് നീക്കുക മാത്രമാണ് ഉണ്ടായാതെന്നും സി.ബി.ഐ അധികൃതര്‍ വ്യക്തമാക്കി.

ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ എം നാഗേശ്വരറാവു ഇടക്കാല ഡയറക്ടായി തുടരുമെന്നും സി.ബി.ഐ വ്യക്തമാക്കി. റഫേല്‍ ഇടപാടില്‍ സി.ബി.ഐ നിഷ്പക്ഷ അന്വേഷണം നടത്തിയാല്‍ സത്യങ്ങള്‍ പുറത്തുവരുമെന്ന് ഭയപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സി.ബി.ഐ മേധാവി അലോക് വര്‍മയെ സ്ഥാനത്തുനിന്ന് നീക്കിയതെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു വിശദീകരണം.


റഫേലില്‍ സി.ബി.ഐ അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. “സി.ബി.ഐ അന്വേഷണം അനുവദിക്കുന്നതും പ്രധാനമന്ത്രി ആത്മഹത്യ ചെയ്യുന്നതും തുല്യമാണ്. പിടിക്കപ്പെടുമെന്ന നില വന്നപ്പോള്‍ സി.ബി.ഐയുടെ മേധാവിയെ മോദി മാറ്റുകയായിരുന്നുവെന്നും” രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

അതേസമയം, അലോക് കുമാര്‍ വര്‍മ്മയുടെ വീടിന് മുന്നില്‍ നിന്ന് നാല് ഐ.ബി ഉദ്യോഗസ്ഥരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. അലോക് വര്‍മ്മയേയും രാകേഷ് അസ്താനയേയും ചുമതലകളില്‍ നിന്ന് മാറ്റിയതിനെതിരായി നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഐ.ബി ഉദ്യോഗസ്ഥരെ അലോക് വര്‍മ്മയുടെ വീടിന് മുന്നില്‍ നിന്ന് പിടികൂടുന്നത്.


അസ്താനക്കെതിരെയുള്ള കേസിനൊപ്പം റഫേല്‍ ഇടപാടില്‍ സി.ബി.ഐ ഡയറക്ടറുടെ നീക്കങ്ങളും സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ ഡയറക്ടര്‍ പ്രതിരോധ മന്ത്രാലയത്തോട് റഫേല്‍ ഇടപാടിന്റെ ചില ഫയലുകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണത്തിന് തയ്യാറെടുക്കുമ്പോഴാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ ചുമതലയില്‍ നിന്ന് മാറ്റിയത്.

We use cookies to give you the best possible experience. Learn more