ഹൈദരാബാദ്: അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
രണ്ട് ഭാഗങ്ങളായിട്ട് ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിലെ അല്ലുവിന്റെ പ്രതിഫലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ചിത്രത്തിനായി 70 കോടി രൂപയാണ് താരം വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്ത ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിങ്ങ് പൂര്‍ത്തികരിച്ച് കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ.
രണ്ട് ഭാഗങ്ങളായി എടുക്കുന്നത് കൊണ്ട് ചിത്രീകരണത്തിനൊപ്പം എഡിറ്റിങ്ങും നടന്നുകൊണ്ടിരിക്കുകയാണ്. ലോക്ഡൗണിന് ശേഷം ചിത്രീകരണം പുനരാരംഭിക്കാനാണ് തീരുമാനം.
250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്.
ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്.