മലയാളികള്‍ക്ക് പോലും ഏറെ പ്രിയപ്പെട്ട താരമാണ് അല്ലു അര്‍ജുന്‍. 2003ല്‍ പുറത്തിറങ്ങിയ ഗംഗോത്രിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.
ഗംഗോത്രിയെന്ന സിനിമ വലിയ ഹിറ്റായിരുന്നെങ്കിലും താന്‍ അതില്‍ നന്നായി ചെയ്തു എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നുമാണ് അല്ലു അര്‍ജുന്‍ പറയുന്നത്. ആ സിനിമക്ക് ശേഷം തനിക്ക് നല്ല സിനിമകളൊന്നും വന്നിരുന്നില്ലെന്നും താരം പറയുന്നു.
ഗംഗോത്രി ഒരു ബ്ലോക്ക്ബസ്റ്ററായിരുന്നെങ്കിലും ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് അത് തന്റെ പരാജയമായിരുന്നു എന്നും അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. ആര്യ സിനിമ ഇറങ്ങി 20 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന പരിപാടിയിലാണ് താരം ഈ കാര്യം പറഞ്ഞത്.
‘ഗംഗോത്രി സിനിമ വലിയ ഹിറ്റായിരുന്നു. പക്ഷേ ഞാന്‍ അതില്‍ നന്നായിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ അതിന് ശേഷം എനിക്ക് നല്ല സിനിമകളൊന്നും വന്നിരുന്നില്ല. ആ സിനിമ ഒരു ബ്ലോക്ക്ബസ്റ്ററായിരുന്നു. എന്നാല്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് അത് എന്റെ പരാജയമായിരുന്നു.
എനിക്ക് ആ സിനിമയിലൂടെ എന്നെ അടയാളപ്പെടുത്താന്‍ കഴിഞ്ഞില്ല. ആ സിനിമക്ക് ശേഷം ഞാന്‍ ഹൈദരാബാദിലെ ആര്‍.ടി.സി ക്രോസ്‌റോഡില്‍ കറങ്ങുകയായിരുന്നു. അന്നത്തെ പുതിയ സിനിമകള്‍ കാണുകയും ചില സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുകയും ചെയ്തു.
ഇതിനിടയിലാണ് നിതിന്‍ നായകനായ ദില്‍ എന്ന സിനിമയുടെ സ്‌ക്രീനിങ്ങ് കാണാന്‍ പോകുന്നത്. എന്റെ സുഹൃത്തും നടനുമായ തരുണിനൊപ്പമാണ് പോയത്. അവിടെ വെച്ചാണ് ആര്യ സിനിമക്കായി സുകുമാര്‍ എന്നെ കാണുന്നത്. അന്ന് അദ്ദേഹം സംവിധാനത്തില്‍ ഒരു നവാഗതനായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
ചിരഞ്ജീവിയും ആ സ്‌ക്രിപ്റ്റ് കേട്ടിരുന്നു. ആര്യ തിയേറ്ററുകളില്‍ 125 ദിവസങ്ങള്‍ ഓടി. രവി തേജയുടെ ഇഡിയറ്റ് കണ്ടപ്പോള്‍ അതുപോലൊയുള്ള ഒരു അടിപൊളി സിനിമയില്‍ അഭിനയിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ആര്യ എന്റെ ഇഡിയറ്റാണ്.
എനിക്ക് നന്നായി ഡാന്‍സ് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് തെളിയിക്കാനുള്ള അവസരം ലഭിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ആര്യയിലെ തകധിമിത്തോം എന്ന പാട്ടിലൂടെ എനിക്ക് അതിനുള്ള അവസരവും ലഭിച്ചു,’ അല്ലു അര്‍ജുന്‍ പറഞ്ഞു.
Content Highlight: Allu Arjun Talks About Gangotri Movie