Entertainment
മലയാളികള്‍ക്ക് അഭിമാനിക്കാം; ആ നടനെ ഞാന്‍ ഇപ്പോള്‍ മിസ് ചെയ്യുന്നു: അല്ലു അര്‍ജുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 28, 02:21 am
Thursday, 28th November 2024, 7:51 am

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയാണ് ഇത്. ആദ്യ ഭാഗത്തിന്റെ വന്‍ വിജയത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കിയിരുന്നു.

അല്ലു അര്‍ജുനെ കൂടാതെ ഫഹദ് ഫാസിലും ഈ സിനിമയിലുണ്ട്. പുഷ്പയുടെ എതിരാളിയായ ഭന്‍വര്‍ സിങ് ഷെഖാവത്തായാണ് ഫഹദ് ആദ്യ ഭാഗത്തില്‍ എത്തിയത്. രണ്ടാം ഭാഗത്തിലും ഫഹദ് തന്നെയാണ് അല്ലുവിന് വില്ലനായി എത്തുന്നത്.

ഈ ഭാഗത്തില്‍ ഭന്‍വര്‍ സിങ് ഷെഖാവത്ത് പുഷ്പക്ക് വലിയ തലവേദനയാകുമെന്നാണ് ട്രെയ്ലര്‍ സൂചന നല്‍കിയത്. ആദ്യഭാഗത്തേക്കാള്‍ വലിയ വില്ലനിസം ഫഹദില്‍ നിന്ന് കാണാന്‍ സാധിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. കാരണം ട്രെയ്ലറില്‍ ഫഹദിന്റെ ഭാഗങ്ങള്‍ നല്‍കുന്ന ഇംപാക്ട് വളരെ വലുതായിരുന്നു.

ഇപ്പോള്‍ ഫഹദ് ഫാസിലിനെ കുറിച്ചും പുഷ്പ 2വിനെ കുറിച്ചും സംസാരിക്കുകയാണ് അല്ലു അര്‍ജുന്‍. പുഷ്പ എന്ന സിനിമ തനിക്ക് വളരെ സ്‌പെഷ്യലാണെന്നും അതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും നടന്‍ പറയുന്നു. തന്റെ സിനിമാ കരിയറില്‍ ആദ്യമായി മലയാളത്തിലെ ഏറ്റവും വലിയ ആക്ടേഴ്‌സില്‍ ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചുവെന്നും അല്ലു പറഞ്ഞു.

കൊച്ചിയില്‍ വെച്ച് നടന്ന പുഷ്പ 2വിന്റെ ഗ്രാന്‍ഡ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു നടന്‍. ഇവന്റില്‍ ഫഹദ് ഇല്ലാത്തതിനാല്‍ താന്‍ അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ടെന്നും ഫഹദും കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുകയാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

‘പുഷ്പ എന്ന സിനിമ എനിക്ക് വളരെ സ്‌പെഷ്യലാണ്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഞാന്‍ എന്റെ സിനിമാ കരിയറില്‍ ആദ്യമായി മലയാളത്തിലെ ഏറ്റവും വലിയ ആക്ടേഴ്‌സില്‍ ഒരാളുടെ കൂടെ വര്‍ക്ക് ചെയ്തു. ഫഫായുടെ കൂടെ വര്‍ക്ക് ചെയ്യാനായി.

ഇന്ന് സത്യത്തില്‍ ഞാന്‍ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഇന്ന് കേരളത്തില്‍ ഇവിടെ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അതൊരു ഐക്കോണിക്ക് ആയ നിമിഷമാകുമായിരുന്നു.

എനിക്ക് കേരളത്തിലെ എല്ലാവരോടും പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. ഫഫാ പുഷ്പ 2വില്‍ മികച്ച വേഷമാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമാകും. മലയാളികള്‍ക്ക് എല്ലാം അഭിമാനിക്കാവുന്ന ഒന്നാകും അത്,’ അല്ലു അര്‍ജുന്‍ പറഞ്ഞു.

Content Highlight: Allu Arjun Talks About Fahadh Faasil