മലയാളികള്‍ക്ക് പോലും ഏറെ പ്രിയപ്പെട്ട താരമാണ് അല്ലു അര്‍ജുന്‍. ആദ്യകാലത്ത് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രമായിരുന്നു ആര്യ. ആര്യ മലയാളത്തില്‍ ഡബ്ബ് ചെയ്ത് ഇറക്കുകയും 100 ദിവസത്തിന് മുകളില്‍ കേരളത്തിലെ തിയേറ്ററുകളില്‍ ഓടുകയും ചെയ്തിരുന്നു.
ആര്യ സംവിധാനം ചെയ്തത് സുകുമാര്‍ ആയിരുന്നു. ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ 20 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഇതിന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ സംവിധായകന്‍ സുകുമാറിനെ കുറിച്ച് സംസാരിക്കുകയാണ് അല്ലു അര്‍ജുന്‍.
തന്റെ ജീവിതം മാറ്റിമറിക്കുകയും തന്നില്‍ പരമാവധി സ്വാധീനം ചെലുത്തുകയും ചെയ്ത ആള്‍ സുകുമാറാണെന്നാണ് താരം പറയുന്നത്. താന്‍ നല്‍കിയ ഹിറ്റുകളോ ഫ്ളോപ്പുകളോ പരിഗണിക്കാതെ തന്നെ സഹായിച്ചത് അദ്ദേഹമാണെന്നും അല്ലു അര്‍ജുന്‍ പറയുന്നു.
‘എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുകയും എന്നില്‍ പരമാവധി സ്വാധീനം ചെലുത്തുകയും ചെയ്ത ഒരാളുണ്ട്. ആര്യ സിനിമ മുതല്‍ പുഷ്പ വരെ നോക്കുകയാണെങ്കില്‍ അത് സുകുമാറാണ്. ഞാന്‍ നല്‍കിയ ഹിറ്റുകളോ ഫ്ളോപ്പുകളോ പരിഗണിക്കാതെ തന്നെ, ഒരു നടനാകാനുള്ള യാത്രയില്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ്,’ അല്ലു അര്‍ജുന്‍ പറഞ്ഞു.
ആര്യ സിനിമക്കായി സുകുമാര്‍ തന്നെ കാണാന്‍ വന്നതിനെ കുറിച്ചും താരം പരിപാടിയില്‍ സംസാരിച്ചു. അന്ന് അദ്ദേഹം ഒരു നവാഗത സംവിധായകനാണെങ്കിലും ആ സ്‌ക്രിപ്റ്റ് തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്.
‘നിതിന്‍ നായകനായ ദില്‍ എന്ന സിനിമയുടെ സ്‌ക്രീനിങ്ങ് കാണാന്‍ എന്റെ സുഹൃത്തും നടനുമായ തരുണിനൊപ്പം പോയപ്പോള്‍, അവിടെ വെച്ചാണ് ആര്യ സിനിമക്കായി സുകുമാര്‍ എന്നെ കാണുന്നത്. അന്ന് അദ്ദേഹം സംവിധാനത്തില്‍ ഒരു നവാഗതനായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
ആര്യ തിയേറ്ററുകളില്‍ 125 ദിവസങ്ങള്‍ ഓടി. രവി തേജയുടെ ഇഡിയറ്റ് കണ്ടപ്പോള്‍ അതുപോലൊയുള്ള ഒരു അടിപൊളി സിനിമയില്‍ അഭിനയിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ആര്യ എന്റെ ഇഡിയറ്റാണ്.
എനിക്ക് നന്നായി ഡാന്‍സ് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് തെളിയിക്കാനുള്ള അവസരം ലഭിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ആര്യയിലെ തകധിമിത്തോം എന്ന പാട്ടിലൂടെ എനിക്ക് അതിനുള്ള അവസരവും ലഭിച്ചു,’ അല്ലു അര്‍ജുന്‍ പറഞ്ഞു.
Content Highlight: Allu Arjun Talks About Director Sukumar