എനിക്ക് ഡാന്‍സ് ചെയ്യാനാകുമെന്ന് തെളിയിക്കാന്‍ അവസരം തന്നത് ആ സിനിമ: അല്ലു അര്‍ജുന്‍
Entertainment
എനിക്ക് ഡാന്‍സ് ചെയ്യാനാകുമെന്ന് തെളിയിക്കാന്‍ അവസരം തന്നത് ആ സിനിമ: അല്ലു അര്‍ജുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd December 2024, 9:45 pm

തന്നെ കൊണ്ട് നന്നായി ഡാന്‍സ് ചെയ്യാന്‍ കഴിയുമെന്ന് സ്വയം അറിയാമായിരുന്നുവെന്നും എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ തെളിയിക്കാനുള്ള അവസരം വേണമായിരുന്നുവെന്നും പറയുകയാണ് നടന്‍ അല്ലു അര്‍ജുന്‍.

അങ്ങനെയൊരു അവസരം ലഭിക്കാനായി താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ആര്യ എന്ന സിനിമയിലൂടെയാണ് ആ അവസരം ലഭിച്ചതെന്നും നടന്‍ പറയുന്നു. ആര്യയിലെ തകധിമിതോം എന്ന പാട്ടിലൂടെയാണ് ആ അവസരം കിട്ടിയതെന്നാണ് അല്ലു പറയുന്നത്.

‘എന്നെ കൊണ്ട് നന്നായി ഡാന്‍സ് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ തെളിയിക്കാനുള്ള അവസരം വേണമായിരുന്നു. അങ്ങനെയൊരു അവസരം ലഭിക്കാനായി ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിന് ആര്യ എന്ന സിനിമ വേണ്ടി വന്നു. ആ സിനിമയിലെ തകധിമിതോം എന്ന പാട്ടിലൂടെയാണ് എനിക്ക് യഥാര്‍ത്ഥത്തില്‍ അതിനുള്ള അവസരം ലഭിക്കുന്നത്,’ അല്ലു അര്‍ജുന്‍ പറയുന്നു.

2004ല്‍ സുകുമാര്‍ രചനയും സംവിധാനവും ചെയ്ത ചിത്രമാണ് ആര്യ. അല്ലു അര്‍ജുന്‍, അനു മേത്ത, ശിവ ബാലാജി എന്നിവരായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. അല്ലു അര്‍ജുന്റെ കരിയറിലെ ആദ്യകാലത്തെ ഏറ്റവും വിജയമായ സിനിമയായിരുന്നു ഇത്. മലയാളത്തില്‍ ഡബ്ബ് ചെയ്ത് ഇറക്കിയ ആര്യ കേരളത്തിലെ തിയേറ്ററുകളില്‍ 100 ദിവസത്തിന് മുകളില്‍ ഓടിയിരുന്നു.

ആര്യയുടെ സംവിധായകന്‍ സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 ആണ് അല്ലു അര്‍ജുന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. റിലീസിന് മുമ്പ് തന്നെ പല റെക്കോഡുകളും തകര്‍ത്ത സിനിമ കൂടിയാണ് പുഷ്പ 2.

എന്നെന്നേക്കുമായി തന്റെ ജീവിതം മാറ്റിമറിക്കുകയും തന്നില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത ആള്‍ സുകുമാറാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. തന്റെ കരിയറിലെ ഹിറ്റുകളോ ഫ്ളോപ്പുകളോ പരിഗണിക്കാതെ ഒരു നടനെന്ന നിലയില്‍ തന്റെ മുന്നോട്ടുള്ള യാത്രയില്‍ സഹായിച്ചത് അദ്ദേഹമാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘എന്നെന്നേക്കുമായി എന്റെ ജീവിതം മാറ്റിമറിക്കുകയും എന്നില്‍ സ്വാധീനം ചെലുത്തുകയും ചെയ്തത് സുകുമാറാണ്. ആര്യ സിനിമ മുതല്‍ പുഷ്പ വരെ നോക്കുകയാണെങ്കില്‍ അദ്ദേഹം തന്നെയാണ് അത്. എന്റെ ഹിറ്റുകളോ ഫ്ളോപ്പുകളോ പരിഗണിക്കാതെ ഒരു നടനെന്ന നിലയില്‍ എന്റെ മുന്നോട്ടുള്ള യാത്രയില്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ്,’ അല്ലു അര്‍ജുന്‍ പറയുന്നു.

Content Highlight: Allu Arjun Talks About Arya Movie Dance And Director Sukumar