| Saturday, 11th May 2024, 7:32 pm

എനിക്ക് ഡാന്‍സ് ചെയ്യാനാകുമെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചു; അതിന് അവസരം നല്‍കിയത് ആ സിനിമയും പാട്ടുമാണ്: അല്ലു അര്‍ജുന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അല്ലു അര്‍ജുന്‍. 2004ല്‍ താരത്തെ നായകനാക്കി സുകുമാര്‍ രചനയും സംവിധാനവും ചെയ്ത ചിത്രമാണ് ആര്യ. അല്ലു അര്‍ജുന് പുറമെ അനു മേത്ത, ശിവ ബാലാജി എന്നിവരും ചിത്രത്തില്‍ ഒന്നിച്ചിരുന്നു.

അല്ലു അര്‍ജുന്റെ കരിയറിലെ ആദ്യകാലത്ത് ഏറ്റവും വലിയ വിജയമായ ചിത്രമായിരുന്നു ഇത്. മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഈ അല്ലു അര്‍ജുന്‍ ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്ത് ഇറക്കുകയും 100 ദിവസത്തിന് മുകളില്‍ തിയേറ്ററുകളില്‍ ഓടുകയും ചെയ്തിരുന്നു. അല്ലുവിന് കേരളത്തില്‍ ഫാന്‍ ഫോളോയിങ് ഉണ്ടാക്കിയെടുത്ത ചിത്രം കൂടിയായിരുന്നു ആര്യ.

2024ല്‍ ആര്യ തിയേറ്ററില്‍ എത്തിയിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. തനിക്ക് നന്നായി ഡാന്‍സ് ചെയ്യാന്‍ കഴിയുമെന്ന് ആദ്യമെ തന്നെ അറിയാമായിരുന്നുവെന്ന് പറയുകയാണ് അല്ലു അര്‍ജുന്‍. അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ തെളിയിക്കാനുള്ള അവസരം ലഭിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ആര്യയിലെ തകധിമിത്തോം എന്ന പാട്ടിലൂടെയാണ് അതിനുള്ള അവസരം ലഭിക്കുന്നതെന്നും താരം പറയുന്നു.

‘എനിക്ക് നന്നായി ഡാന്‍സ് ചെയ്യാന്‍ കഴിയുമെന്ന് അറിയാമായിരുന്നു. അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ തെളിയിക്കാനുള്ള അവസരം ലഭിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ആര്യ സിനിമയിലെ തകധിമിത്തോം എന്ന പാട്ടിലൂടെയാണ് എനിക്ക് അതിനുള്ള അവസരം ലഭിക്കുന്നത്,’ അല്ലു അര്‍ജുന്‍ പറഞ്ഞു.

താരത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് ആര്യയെ കണക്കാക്കുന്നത്. ഒരു നടനെന്ന നിലയില്‍ അല്ലു അര്‍ജുന്റെ കരിയറില്‍ ഒരു പ്രധാന വഴിത്തിരിവായ ചിത്രം തെലുങ്ക് സിനിമയില്‍ സംവിധായകനെന്ന നിലയില്‍ സുകുമാറിന് ഏറെ അംഗീകാരം ലഭിക്കുകയും ചെയ്തു.

തന്റെ ജീവിതം മാറ്റിമറിക്കുകയും തന്നില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത ആള്‍ സുകുമാറാണെന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്. തന്റെ വിജയ ചിത്രങ്ങളോ പരാജയമോ പരിഗണിക്കാതെ തന്നെ സഹായിച്ചത് അദ്ദേഹമാണെന്നും താരം പറയുന്നു.

‘എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുകയും എന്നില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത ഒരാളുണ്ട്. ആര്യ സിനിമ മുതല്‍ പുഷ്പ വരെ നോക്കുകയാണെങ്കില്‍ അത് സുകുമാറാണ്. ഞാന്‍ നല്‍കിയ ഹിറ്റുകളോ ഫ്‌ളോപ്പുകളോ പരിഗണിക്കാതെ തന്നെ, ഒരു നടനാകാനുള്ള യാത്രയില്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ്,’ അല്ലു അര്‍ജുന്‍ പറഞ്ഞു.

Content Highlight: Allu Arjun Talks About Arya Movie And Song

We use cookies to give you the best possible experience. Learn more