തെന്നിന്ത്യയാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് ‘പുഷ്പ’. ടോളിവുഡിന് പുറത്തും ആരാധകരുള്ള അല്ലു അര്‍ജുന്റെ സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്.
എന്നാല്‍ അടുത്തിടെ പുഷ്പയുടെ റിലീസിനോടനുബന്ധിച്ചു നടന്ന പരിപാടിക്കിടയില്‍ നടന്ന അപകടത്തില്‍ അല്ലുവിന്റെ നിരവധി ആരാധകര്‍ക്ക് പരിക്കേറ്റിരുന്നു.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് അല്ലു അര്‍ജുന്‍. ഇനി ഇങ്ങനെയുള്ള അപകടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഞായറാഴ്ച പുഷ്പയുടെ റിലീസിന് മുന്‍പ് നടത്തിയ പരിപാടിയിലേക്ക് 10,000 പേരാണ് വന്നത്.
പല കാരണങ്ങളാല്‍ അവരെയെല്ലാം അകത്തേക്ക് പ്രവേശിപ്പിക്കാനാവില്ലായിരുന്നു. അതിനാല്‍ എല്ലാവരേയും അടുത്ത ദിവസം കാണാം എന്ന് ഞാന്‍ വിചാരിച്ചു,’ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
‘1000 പേരെ മാത്രമേ അകത്തേക്ക് കടത്താന്‍ അനുവാദമുള്ളൂ. എന്നാല്‍ 5000 പേര്‍ വന്നു. അതിനാല്‍ ഞങ്ങള്‍ പരിപാടി തന്നെ വേണ്ടെന്ന് വെച്ചു. അതിനിടക്ക് ചിലര്‍ക്ക് പരിക്കേറ്റത് നിര്‍ഭാഗ്യകരമാണ്. ഇക്കാര്യങ്ങളെല്ലാം എന്റെ ടീം അറിയിച്ചിരുന്നു.
അതില്‍ എനിക്ക് വളരെയധികം ദുഖമുണ്ട്. അടുത്ത തവണ കുറച്ചുകൂടി ശ്രദ്ധിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടം ഉണ്ടായതിന് പിന്നാലെ ദുഖം പ്രകടിപ്പിച്ച് അല്ലു അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടിരുന്നു.
അതേസമയം പുഷ്പ ഡിസംബര്‍ 17 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.