Entertainment
എനിക്ക് ഇത് സാധിച്ചെങ്കില്‍ എല്ലാവര്‍ക്കും സാധിക്കും, പക്ഷെ ഒരോയൊരു കാര്യം മാത്രം നിങ്ങള്‍ക്ക് തടസമാകും: അവാര്‍ഡിന് പിന്നാലെ അല്ലു അര്‍ജുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 11, 03:07 am
Tuesday, 11th October 2022, 8:37 am

സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഒരു വ്യക്തിക്ക് ഏറ്റവും വലിയ തടസമാകുന്നത് അതേ വ്യക്തി തന്നെയാണെന്ന് നടന്‍ അല്ലു അര്‍ജുന്‍. എല്ലാവര്‍ക്കും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള കഴിവുണ്ടെന്നും ഒഴിവുകഴിവുകളും ഇല്ലാക്കഥകളും വിശ്വസിച്ചും പറഞ്ഞും ആ സാധ്യതകള്‍ ഇല്ലാതാക്കരുതെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

സൈമ അവാര്‍ഡ്‌സില്‍ തെലുങ്കിലെ മികച്ച നടനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെയായിരുന്നു അല്ലു അര്‍ജുന്റെ പ്രസംഗം. പുഷ്പയിലെ പ്രകടനത്തിനാണ് താരത്തിന് അവാര്‍ഡ് കിട്ടിയത്. കഴിഞ്ഞ വര്‍ഷവും അല്ലുവിന് തന്നെയായിരുന്നു പുരസ്‌കാരം. അല വൈകുണ്ഡപുരമിലോ എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ്.

‘എനിക്ക് ഒരു ചെറിയ കാര്യം എല്ലാവരുമായും പങ്കുവെക്കണമെന്നുണ്ട്. നേട്ടങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുന്നവരോടാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ എന്തെങ്കിലും വലിയ നേട്ടങ്ങള്‍ കൈവരിച്ചതുകൊണ്ടല്ല ഇത് പറയുന്നത്. ഇപ്പോഴും ആ നേട്ടത്തിലേക്കുള്ള യാത്രയിലാണ് ഞാന്‍.

എന്നെ പോലെ തന്നെ ആ യാത്രയിലാണ് നിങ്ങള്‍ ഒരുപാട് പേരെന്നും എനിക്കറിയാം. അങ്ങനെ നേട്ടങ്ങള്‍ ലക്ഷ്യം വെച്ച് നീങ്ങുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു.

നേട്ടങ്ങളുടെ അനന്ത സാധ്യതകള്‍ക്ക് മുന്നില്‍ നിങ്ങള്‍ക്ക് തടസമാകുന്നത് ഒരേയൊരു കാര്യം മാത്രമാണ്, അത് നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ നിങ്ങളെ കുറിച്ച് പറയുന്ന വ്യാജമായ കഥകളാണ് നിങ്ങള്‍ക്ക് തടസമാകുന്നത്.

ഫേക്കായ നരേറ്റീവുകളില്‍ വീണുപോകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് അതൊരിക്കലും തടസമാകരുത്.

ഞാന്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ നിന്നാണ് വരുന്നത്, എനിക്ക് ഇങ്ങനെയൊരു പ്രശ്‌നമുണ്ട്, എന്നെ കാണാന്‍ ഇങ്ങനെയാണ് എന്നിങ്ങനെയുള്ള ഫേക്ക് സ്റ്റോറികളും ഒഴിവുകഴിവുകളും സ്വയം പറഞ്ഞിരിക്കരുത്.

എനിക്ക് ഇത് സാധിച്ചെങ്കില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും കഴിയും. ഞാന്‍ ആരേക്കാളും വലിയവനോ ചെറിയവനോ അല്ല. എല്ലാവരും അങ്ങനെ തന്നെയാണ്. എല്ലാവര്‍ക്കും തുല്യമായ കഴിവും പൊട്ടന്‍ഷ്യലുമുണ്ട്.

നവീന്‍ പൊളി ഷെട്ടിയെ പോലെ മികച്ച ഒരു ഉദാഹരണം നമുക്ക് മുമ്പിലുണ്ട്. എന്റെ അച്ഛന്‍ എനിക്ക് ഭക്ഷണം നല്‍കാന്‍ വേണ്ടി അത്രയധികം കഷ്ടപ്പെട്ടു. അതുകൊണ്ട് ഞാനും അങ്ങനെ തന്നെ ചെയ്യട്ടെ എന്ന് അദ്ദേഹം കരുതിയില്ല.

അതുപോലെ തന്നെ നമ്മള്‍ ഓരോരുത്തരും നമ്മളെ കുറിച്ച് പറയുന്ന ഇത്തരം വക്രിച്ച ഫേക്ക് നരേറ്റീവുകളില്‍ വീണുപോകരുത്. നിങ്ങളുടെ സ്വന്തം നരേറ്റീവുകള്‍ തന്നെ നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും തടസമാകരുത്,’ അല്ലു അര്‍ജുന്‍ പറഞ്ഞു.

Content Highlight: Allu Arjun’s speech at SIIMA Awards 2022