| Sunday, 10th October 2021, 10:08 pm

അല്ലു അര്‍ജുന്റെ ആര്യ വീണ്ടും; മൂന്നാം ഭാഗം വരുമെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ സുകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: തെലുങ്കിന് പുറമെ മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. ആര്യ എന്ന ചിത്രത്തിലൂടെയായിരുന്നു അല്ലുവിന് കേരളത്തില്‍ ആരാധകര്‍ ഉണ്ടായത്.

അല്ലുവിന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയുടെ സംവിധായകനായ സുകുമാര്‍ ആയിരുന്നു ആര്യ സംവിധാനം ചെയ്തത്. ഇപ്പോഴിതാ ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.

തന്റെ ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് സുകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2004 ലാണ് സുകുമാറിന്റെ സംവിധാനത്തില്‍ അല്ലു അര്‍ജുനെ പ്രധാന കഥാപാത്രമാക്കി ആര്യ പുറത്തിറങ്ങിയത്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ആര്യ എന്ന ചിത്രം നിര്‍മ്മിച്ചത്. പിന്നീട് 2009 ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ആര്യ 2 എന്ന പേരില്‍ എത്തിയിരുന്നു.

കാജല്‍ അഗര്‍വാള്‍ ആയിരുന്നു ചിത്രത്തിലെ നായിക. അതേസമയം, അല്ലു അര്‍ജുനെ പ്രധാന കഥാപാത്രമാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘പുഷ്പ’ ഡിസംബര്‍ 17 ന് തിയറ്ററുകളില്‍ എത്തും.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Allu Arjun’s Arya again;Director Sukumar announces the third part

Latest Stories

We use cookies to give you the best possible experience. Learn more