പുഷ്പക്കായി അഞ്ച് ഭാഷകളില്‍ ഡബ്ബ് ചെയ്ത് ഫഹദ്; വെളിപ്പെടുത്തി അല്ലു അര്‍ജുന്‍
Film News
പുഷ്പക്കായി അഞ്ച് ഭാഷകളില്‍ ഡബ്ബ് ചെയ്ത് ഫഹദ്; വെളിപ്പെടുത്തി അല്ലു അര്‍ജുന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th December 2021, 10:47 pm

അല്ലു അര്‍ജുന്റെ പുതിയ ചിത്രം പുഷ്പയുടെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് ഫഹദ് ഫാസിലിന്റെ വില്ലന്‍ വേഷമാണ്. തല മൊട്ടയാടിച്ച് വേറിട്ട ഗെറ്റപ്പിലെത്തുന്ന ഫഹദിനെ ഏതാനും സെക്കന്റുകള്‍ മാത്രമാണ് ട്രെയിലറില്‍ കാണിച്ചതെങ്കിലും അതുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. തെലുങ്ക് ഡയലോഗ് കാണാതെ പഠിച്ച് പറയുന്ന ഫഹദിന്റെ ഡെഡിക്കേഷനെ പ്രശംസിച്ച് അല്ലു അര്‍ജുന്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ഫഹദിന്റെ ഡെഡിക്കേഷന്‍ വ്യക്തമാക്കുന്ന മറ്റൊരു വിവരം കൂടി പുറത്ത് വരികയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ എല്ലാ ഭാഷകളിലും തന്റെ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നത് ഫഹദ് ഫാസില്‍ തന്നെയാണ്. ചിത്രത്തിന്റെ പ്രൊമോഷനായി കേരളത്തിലെത്തിയ അല്ലു അര്‍ജുന്‍ തന്നെയാണ് മാധ്യമങ്ങളെ കാണവേ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫഹദിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് പുഷ്പ. 2017 ല്‍ പുറത്തിറങ്ങിയ വേലൈക്കാരനിലൂടെ ഫഹദ് തമിഴിലേക്ക് ചുവട് വെച്ചിരുന്നു. ശിവകാര്‍ത്തികേയനും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായ ഈ ചിത്രത്തിലും ഫഹദ് വില്ലനായിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം പുഷ്പ ഡിസംബര്‍ 17 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: allu arjun revealed fahad had dubbed in five languages for pushpa