| Friday, 13th December 2024, 4:33 pm

അല്ലു അര്‍ജുന്‍ ജയിലിലേക്കോ?; നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട്‌ യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മജിസ്‌ട്രേറ്റ്‌ കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

അതേസമയം അല്ലു അര്‍ജുന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയാണ്. എന്നാല്‍ ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഹൈക്കോടതിയുടെ തീരുമാനം വന്നതിന് ശേഷമാകും നടനെ ജയിലിലേക്ക് മാറ്റുക.

മനപ്പൂര്‍വമല്ലാത്ത നരഹത്യ, ബോധപൂര്‍വം ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നിങ്ങനെ രണ്ട് വകുപ്പുകളാണ് പ്രധാനമായും നടനെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്ന്(13/12/24) രാവിലെ നടന്റെ ജൂബിലി ഹില്‍സിലെ വസതിയില്‍ വെച്ചായിരുന്നു അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്.

പുഷ്പ 2 പ്രീമിയറിന് വരുന്ന അല്ലു അര്‍ജുനെ കാണാന്‍ ഡിസംബര്‍ നാലിന് രാത്രി ഹൈദരാബാദിലെ ഒരു തിയേറ്ററില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടര്‍ന്ന് 35 കാരിയായ സ്ത്രീ മരിച്ചിരുന്നു. തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റ ഇവരുടെ എട്ട് വയസുള്ള മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഡിസംബര്‍ അഞ്ചിന് അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റര്‍ മാനേജ്മെന്റിനുമെതിരെ ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 105, 118 (1) പ്രകാരം സിറ്റി പൊലീസ് കേസെടുക്കുകയായിരുന്നു.

Content Highlight: Allu Arjun remanded for 14 days

We use cookies to give you the best possible experience. Learn more