മലയാളികള്‍ ഏറെ ആഘോഷിക്കുന്ന അന്യഭാഷാ നടനാണ് അല്ലു അര്‍ജുന്‍. ആര്യ മുതല്‍ക്ക് ഇങ്ങോട്ട് അല്ലു നായകനായ എല്ലാ ചിത്രങ്ങളും മലയാളത്തില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ആരാധകര്‍ സ്‌നേഹത്തോടെ മല്ലു അര്‍ജുന്‍ എന്ന് വിളിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പ 2 പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. 2021ല്‍ റിലീസായ ആദ്യഭാഗത്തിന്റെ തുടര്‍ച്ചയാണ് പുഷ്പ 2.
ആദ്യഭാഗത്തിന്റെ ഒടുവില്‍ പ്രത്യക്ഷപ്പെടുന്ന ഭന്‍വര്‍ സിങ് ഷെഖാവത് എന്ന വില്ലനായി വേഷമിട്ടത് മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലായിരുന്നു. ഫഹദിന് പാന്‍ ഇന്ത്യന്‍ ലെവല്‍ ശ്രദ്ധ ലഭിച്ചതില്‍ പുഷ്പ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. രണ്ടാം ഭാഗത്തില്‍ പലരും ഉറ്റുനോക്കുന്നതും ഫഹദിന്റെ പ്രകടനത്തെയാണ്. ഇപ്പോഴിതാ പുഷ്പ 2വില്‍ ഫഹദിന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് സംസാരിക്കുകയാണ് അല്ലു അര്‍ജുന്‍.
ചിത്രത്തിന്റെ ആദ്യപകുതിയിലെ പെര്‍ഫോമന്‍സ് കൊണ്ട് മാത്രം ഫഹദ് പലരെയും അത്ഭുതപ്പെടുത്തുമെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. ഫഹദ് ഈ സിനിമ ചെയ്തത് തന്നെ ഒരുപാട് സന്തോഷിപ്പിച്ചുവെന്നും ഈ സിനിമയിലെ പ്രകടനം ഓരോ മലയാളികള്‍ക്കും അഭിമാനിക്കാന്‍ സാധിക്കുന്ന ഒന്നായി മാറുമെന്നും അല്ലു കൂട്ടിച്ചേര്‍ത്തു. കേരളം തനിക്ക് മറ്റൊരു കുടുംബം പോലെയാണെന്നും അവിടെയുള്ള തന്റെ സഹോദരനാണ് ഫഹദെന്നും അല്ലു പറഞ്ഞു. ഹൈദരബാദില്‍ നടന്ന പ്രൊമോഷന്‍ ഇവന്റിലാണ് അല്ലു അര്‍ജുന്‍ ഇക്കാര്യം പറഞ്ഞത്.
‘ഈ സിനിമയിലെ ആര്‍ട്ടിസ്റ്റുകളെപ്പറ്റി സംസാരിക്കുമ്പോള്‍ ആദ്യം പറയേണ്ട പേര് ഫഹദ് ഫാസിലിന്റേതാണ്. പുഷ്പ 2വിന്റെ ഫസ്റ്റ് ഹാഫിലെ പ്രകടനം കൊണ്ടുമാത്രം ഫഹദ് പലരെയും അത്ഭുതപ്പെടുത്തുമെന്ന് ഉറപ്പാണ്. അദ്ദേഹം ഈ സിനിമ ചെയ്തത് എനിക്ക് ഒരുപാട് സന്തോഷം തന്ന കാര്യമാണ്. ഫഹദ്, അതിഗംഭീര പ്രകടനമാണ് നിങ്ങള്‍ കാഴ്ചവെച്ചത്.
ലോകത്തുള്ള ഓരോ മലയാളികള്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാകും ഫഹദിന്റെ പ്രകടനമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കും. കേരളം എനിക്കെന്റെ രണ്ടാമത്തെ കുടുംബമാണ്. ആ കുടുബത്തിലെ എന്റെ സഹോദരനാണ് ഫഹദ്. എന്നെ കേരളത്തിന്റെ ദത്തുപുത്രന്‍ എന്നാണ് മലയാളികള്‍ വിളിക്കുന്നത്. യഥാര്‍ത്ഥ പുത്രന് ദത്തുപുത്രന്റെ വക ഒരുപാട് നന്ദി,’ അല്ലു അര്‍ജുന്‍ പറയുന്നു.