ഹൈദരാബാദിലെ ഒരു തിയേറ്ററില്‍ അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ശ്വാസം മുട്ടി ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍ ബുധനാഴ്ച തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു.
പുഷ്പ 2 പ്രീമിയറിന് വരുന്ന അല്ലു അര്‍ജുനെ കാണാന്‍ ഡിസംബര്‍ നാലിന് രാത്രി ഹൈദരാബാദിലെ ഒരു തിയേറ്ററില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടര്‍ന്ന് 35 കാരിയായ സ്ത്രീ മരിച്ചിരുന്നു. തിക്കിലും തിരക്കിലും പെട്ട ഇവരുടെ എട്ട് വയസുള്ള മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഡിസംബര്‍ അഞ്ചിന് അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റര്‍ മാനേജ്മെന്റിനുമെതിരെ ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 105, 118 (1) പ്രകാരം സിറ്റി പൊലീസ് കേസെടുത്തിരുന്നു.
കേസിന്റെ തുടരന്വേഷണത്തില്‍ തിയേറ്റര്‍ ഉടമകളില്‍ ഒരാള്‍, സീനിയര്‍ മാനേജര്‍, ലോവര്‍ ബാല്‍ക്കണിയുടെ ചുമതലയുള്ള ഒരാള്‍ എന്നിങ്ങനെ മൂന്ന് പേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം (ഡിസംബര്‍ 11) അല്ലു അര്‍ജുന്‍ തെലുങ്കാന ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ഹരജി തീര്‍പ്പാകുന്നതുവരെ തനിക്കെതിരെയുള്ള അറസ്റ്റ് അടക്കമുള്ള എല്ലാ തുടര്‍നടപടികളും നിര്‍ത്തിവെക്കണമെന്നും ഹരജിയില്‍ പറയുന്നു.