അല്ലു അര്‍ജുന്‍ ചിത്രം എന്ന് കേട്ടാല്‍ മനസിലെത്തുന്ന ചില കാര്യങ്ങളുണ്ട് – ആക്ഷന്‍, പാട്ടുകള്‍, ഡാന്‍സ്, മാസ് ഡയലോഗുകള്‍, റൊമാന്‍സ്, ഇമോഷണല്‍ സീനുകള്‍ – ഇതെല്ലാമുള്ള ഒരു ടിപ്പിക്കല്‍ അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. അല്ലു അര്‍ജുന്റെ ഇതുവരെയുള്ള പടങ്ങളെ പോലെ തന്നെയുള്ള ഒരു ചിത്രം.
സമീപകാലത്ത് ദക്ഷിണേന്ത്യയില്‍ ഏറ്റവും ഹൈപ്പും പ്രൊമോഷനും നേടിയ സിനിമകളിലൊന്നാണ് പുഷ്പ. സാധാരണ അല്ലു അര്‍ജുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ഇനി ചിത്രത്തിലുണ്ടായേക്കാം എന്നൊരു പ്രതീതി ജനിപ്പിക്കുന്ന പല കാര്യങ്ങളും സിനിമയുടെ തുടക്കം മുതലുള്ള ഘട്ടങ്ങളില്‍ നടന്നിരുന്നു.
ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നു എന്നുള്ളതായിരുന്ന ഇതിലൊന്ന്. ഫഹദ് അഭിനയിക്കുന്ന സിനിമകളിലെ തിരക്കഥയില്‍ എന്തെങ്കിലും വ്യത്യസ്തയുണ്ടാകാമെന്നും അതുകൊണ്ട് മുന്‍ പടങ്ങളില്‍ നിന്നും വ്യത്യസ്തമായ അല്ലു അര്‍ജുന്‍ പടമായിരിക്കും ഇതെന്നും ചിലരെങ്കിലും കരുതിയിരുന്നു.
അല്ലു അര്‍ജുന്റെ ഗെറ്റപ്പും സിനിമയുടെ കഥാപരിസരവുമായിരുന്നു അടുത്ത കാരണം. പൊതുവെ നഗരങ്ങളില്‍ കഴിയുന്ന, അപ്പര്‍ മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ നിന്നുള്ള യുവാക്കളാണ് അല്ലുവിന്റെ മിക്ക കഥാപാത്രങ്ങളും. അതില്‍ നിന്നും മാറി ഗ്രാമീണനായ തൊഴിലാളിയായി നടനെത്തുന്നതും വ്യത്യസ്തക്ക് കാരണമാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. കള്ളക്കടത്തുക്കാരനായ നെഗറ്റീവ് ടച്ചുള്ള നായകനായിരിക്കും പുഷ്പയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ അത്തരത്തിലുള്ള വ്യത്യസ്തമായ ഒരു ചുവടുവെപ്പിനും പുഷ്പ അവസരം നല്‍കുന്നില്ല. മുന്‍ ചിത്രങ്ങളിലേതു പോലെ, പുഷ്പരാജ് എന്ന ചിത്രത്തിലെ അല്ലു അര്‍ജുന്റെ നായക കഥാപാത്രത്തിന്റെ ആഘോഷം മാത്രമാണ് ഈ സിനിമ.
ലോകത്ത് മറ്റെങ്ങുമില്ലാത്ത, ആന്ധ്രാപ്രദേശിലെ ഒരു ജില്ലയില്‍ മാത്രം വളരുന്ന രക്തചന്ദനം എന്ന മരത്തിന്റെ തടിയുടെ കള്ളക്കടത്താണ് കഥാപരിസരം. ഇതൊരു സ്‌പോയിലറല്ല, ചിത്രം തുടങ്ങുന്നത് തന്നെ ഇക്കാര്യം പറഞ്ഞുകൊണ്ടാണ്. ഇവിടേക്ക് മരം വെട്ടുന്ന കൂലിക്കാരനായെത്തുന്ന പുഷ്പ എങ്ങനെ കള്ളക്കടത്ത് സാമ്രാജ്യത്തിലെ പ്രധാനിയായി മാറുന്നത് എന്നാണ് ചിത്രത്തില്‍ പറയുന്നത്.
വലിയ പുതുമയൊന്നുമില്ലെങ്കിലും സിനിമയിലെ ആക്ഷന്‍ സീനുകളുടെ കൊറിയോഗ്രഫിയും ക്യാമറയും അത്യാവശ്യം നിലവാരം പുലര്‍ത്തുന്നതാണ്. അല്ലുവിന്റെ ആക്ഷന്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മടുപ്പില്ലാതെ കാണാം.
ഡി.എസ്. പി ചിത്രത്തിനായി ഒരുക്കിയിരിക്കുന്ന ശ്രീവള്ളിയെന്ന പാട്ടുകളെല്ലാം ഹിറ്റാകാന്‍ സാധ്യതയുള്ളവയാണ്. പുഷ്പയുടെ മാസ് ബി.ജി.എമ്മും റീല്‍സിലും ഷോര്‍ട്‌സിലും കുറെ നാളെങ്കിലും കയറിയിറങ്ങും.
പുഷ്പ ഒരു ആവറേജ് മാസ് പടത്തിലേക്ക് മാത്രമായി താഴ്ന്നു പോകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ആവര്‍ത്തന വിരസത നിറഞ്ഞ കഥാപാത്ര സൃഷ്ടിയാണ്.
മറ്റെല്ലാവരേക്കാളും ബുദ്ധിമാനും സൂത്രശാലിയുമാണ് പുഷ്പ. ഒടുക്കത്തെ ധൈര്യവും ആരെയും ഇടിച്ചിടാനുള്ള ശക്തിയുമുണ്ടയാള്‍ക്ക്, അതും നല്ല സ്റ്റൈലില്‍ തന്നെ. പിന്നെ സ്വന്തമായി ഇടക്ക് ഇടക്ക് പേരിനൊപ്പം ടാഗ് ലൈന്‍ പോലെയുള്ള പഞ്ച് ഡയലോഗ് കൂടി പറയുന്ന സ്വഭാവവും.
അമ്മയോട് അടങ്ങാത്ത സ്‌നേഹമുള്ള പുഷ്പ വിവാഹേതര ബന്ധത്തില്‍ ജനിച്ചതുകൊണ്ട് ചെറുപ്പം മുതല്‍ ഏറെ അപമാനം സഹിച്ചാണ് വളരുന്നത്. ഇതാണ് സിനിമയുടെ പ്രധാന ഇമോഷണല്‍ ത്രെഡ്. സമൂഹത്തിന് മുന്നില്‍ തങ്ങളെ ഒരിക്കലും അംഗീകരിക്കാത്തയാളോട് പുഷ്പയും അമ്മയും കാണിക്കുന്ന സ്‌നേഹവും ബഹുമാനവും, അയാളുടെ ചോരയാണെന്നതില്‍ പുഷ്പ അഭിമാനം കൊള്ളുന്നതും പല പടങ്ങളുടെയും ആവര്‍ത്തനമായിരുന്നു.
അല്ലു അര്‍ജുന്റെ മുന്‍ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, തൊലിയുടെ നിറത്തിലും ഒരു മാറ്റം വരുത്തുകയും തോളിനൊരു ചെരിവ് കൊടുക്കുകയും ചെയ്തു എന്നതല്ലാതെ പറയത്തക്ക വ്യത്യാസമൊന്നും പുഷ്പക്കില്ല. കുറച്ച് ക്രൂരമായ തീരുമാനങ്ങളെടുക്കുന്ന ഒരാളാണെന്നും നന്മമരമല്ലെന്നും വേണമെങ്കില്‍ പറയാം. അല്ലുവിന്റെ അഭിനയമുഹൂര്‍ത്തമെന്നൊന്നും പറയാനില്ല. ആരാധകര്‍ക്ക് രോമാഞ്ചമുണ്ടാക്കുന്ന മൊമന്റ്‌സുണ്ട്.
ശ്രീവള്ളിയെന്ന നായികാ കഥാപാത്രത്തിലേക്ക് വരികയാണെങ്കില്‍, പ്രത്യേകിച്ച് ഒരു ആവശ്യവുമില്ലാത്ത അത്യാവശ്യം ക്രിഞ്ചായ ഒരു പ്ലോട്ടായിരുന്നു ഇത്. റൊമാന്റിക് സീനുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. അല്ലു അര്‍ജുന്റേത് മാത്രമല്ല, ഒരുവിധം എല്ലാ ഭാഷകളിലും മാസ് സിനിമകളിലേതു പോലെ ഈ ‘കേന്ദ്ര സ്ത്രീ കഥാപാത്രത്തിനും’ സ്വന്തമായ വ്യക്തിത്വമോ കഥാപാത്ര വളര്‍ച്ചയോ ഇല്ല. രശ്മിക മന്ദാനക്ക് കാര്യമായി ഒന്നും ചെയ്യാനുള്ള ഒന്നും ശ്രീവള്ളിയിലില്ലായിരുന്നു.ചിത്രത്തിലെ മറ്റു അഭിനേതാക്കളില്‍ പലരും മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
പുഷ്പയുടെ ഈ ആദ്യ ഭാഗത്തില്‍ വളരെ കുറച്ച് സമയം മാത്രമാണ് ഫഹദ് എത്തുന്നത്. അത്യാവശ്യം ലാഗടിച്ചിരിക്കുന്നതിനിടയില്‍ ഫഹദ് വന്നപ്പോള്‍ മൊത്തത്തില്‍ തിയേറ്ററില്‍ ഒരു ഓളമുണ്ടായിരുന്നു. ഉള്ള സമയം ഫഹദ് ബോറടിപ്പിക്കുന്നില്ല. കുറച്ച് എക്‌സെന്‍ട്രിക്കായ പൊലീസുകാരന്‍ ബന്‍വര്‍ സിംഗ് ഷെഖാവത്തായി ഫഹദ് പെര്‍ഫോം ചെയ്യുന്നുണ്ട്. രണ്ടാം ഭാഗത്തിലാണ് ഫഹദിന്റെ ക്യാരക്ടര്‍ കൂടുതലായുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
അല്ലു അര്‍ജുന്‍ ആരാധകര്‍ക്ക് മാത്രം ഒരു തവണ കണ്ടിരിക്കാനും വേണമെങ്കില്‍ ഇടയ്‌ക്കൊക്കെ കയ്യടിക്കാനും തോന്നുന്ന ഒരു ചിത്രമാണ് പുഷ്പ. അതിനുമപ്പുറം ഒരു പുതുമയും സിനിമക്കില്ല. ഒരുപാട് അടി ഇടി പൂരത്തിന് പകരം, കള്ളക്കടത്ത് സംഘത്തില്‍ ഏറ്റവും താഴെത്തട്ടിലെ പണിക്കാരനായെത്തി, പിന്നീട് അവിടുത്തെ ഏറ്റവും വലിയ ഗെയിം ചേഞ്ചര്‍മാരിലൊരാളായി മാറുന്ന പുഷ്പയുടെ കഥ പറഞ്ഞിരുന്നെങ്കില്‍
സിനിമ കുറച്ചു കൂടുതല്‍ ആസ്വാദ്യമായിരുന്നേനെ.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Allu Arjun movie Pushpa Review