| Tuesday, 14th December 2021, 11:31 am

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പക്കെതിരെ വീണ്ടും പരാതി; നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും പരാതി. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രീ റിലീസ് പാര്‍ട്ടിക്കെതിരെയാണ് കേസ്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പരിപാടി നടത്തിയെന്നതാണ് കേസിന് കാരണം. 5000 പേര്‍ക്ക് അനുമതി നല്‍കിയിരുന്നിടത്ത് 15000 പേരെയാണ് പ്രവേശിപ്പിച്ചത്. ഹൈദരാബാദ് പൊലീസ് ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പരാതിയെ തുടര്‍ന്ന് ഹൈദരാബാദ് പൊലീസാണ് കേസെടുത്തത്. നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്, മുട്ടംസെട്ടി മീഡിയ എന്നിവര്‍ക്കെതിരെയാണ് കേസ്.

നേരത്തെ ചിത്രത്തിലെ സാമന്ത അവതരിപ്പിച്ച ഡാന്‍സ് നമ്പറിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ‘ഊ ആണ്‍ടവാ’ എന്ന് തുടങ്ങുന്ന ഈ ഗാനം ആണുങ്ങളെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ചാണ് മെന്‍ അസോസിയേഷന്‍ എന്ന സംഘടന പരാതി നല്‍കിയത്.

പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ കേസ് ആന്ധ്രാപ്രദേശ് കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.

തെലുങ്കില്‍ ഇന്ദ്രവതി ചൗഹാന്‍ ആലപിച്ച ഗാനം മലയാളത്തില്‍ രമ്യ നമ്പീശനാണ് ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനവും പുറത്തുവിട്ടിരുന്നു.

ചിത്രം ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Allu Arjun Movie Pushpa Face another complaint ; Police have registered a case against the producers

We use cookies to give you the best possible experience. Learn more