ഷാരൂഖും വിജയ്‌യും ഒന്നുമല്ല, ഇന്ത്യയില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനായി അല്ലു അര്‍ജുന്‍, ഇതാണ് ബ്രാന്‍ഡ്
Film News
ഷാരൂഖും വിജയ്‌യും ഒന്നുമല്ല, ഇന്ത്യയില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനായി അല്ലു അര്‍ജുന്‍, ഇതാണ് ബ്രാന്‍ഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th October 2024, 7:02 pm

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. ആര്യ മുതല്‍ക്ക് ഇങ്ങോട്ട് അല്ലുവിന്റെ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വന്‍ സ്വാകാര്യതയാണ് ലഭിച്ചത്. മല്ലു അര്‍ജുന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന അല്ലു ഇന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്. പുഷ്പ എന്ന ഒരൊറ്റ ചിത്രം താരത്തിന് കൊടുത്ത റീച്ച് മറ്റ് നടന്മാര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും മേലെയാണ്. ബ്രാന്‍ഡ് സംവിധായകരുടെ പിന്തുണയല്ലാതെ ഇത്തരത്തില്‍ ഒരു റീച്ച് നേടിയതോടുകൂടി ടോളിവുഡിലെ ബ്രാന്‍ഡ് നടനായി മാറാന്‍ അല്ലുവിന് സാധിച്ചു.

Allu Arjun

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗം പ്രീ റിലീസ് റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുകയാണ്. ബിസിനസിലൂടെ മാത്രം 1000 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. എന്നാല്‍ അതിനെക്കാളേറെ അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. പുഷ്പ 2വില്‍ അല്ലു അര്‍ജുന്‍ മുന്‍കൂറായ പ്രതിഫലം വാങ്ങിയില്ലെന്നും ചിത്രത്തിന്റെ ലാഭത്തില്‍ നിന്ന് 27 ശതമാനം നല്‍കണമെന്നും കരാര്‍ വെച്ചിരുന്നു.

ഈ കരാര്‍ പ്രകാരം പുഷ്പ റിലീസ് ചെയ്ത് 500 കോടി കളക്ട് ചെയാതാല്‍ അല്ലുവിന്റെ പ്രതിഫലം 405 കോടിയാകും. ഇന്ത്യയിലെന്നല്ല, ഏഷ്യയില്‍ തന്നെ ഏറ്റവുമുയര്‍ന്ന പ്രതിഫലം നേടുന്ന നടനായി അല്ലു മാറാന്‍ പോകുന്ന കാഴ്ചക്കാണ് സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. നിലവില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒന്നാമതുള്ളത് തമിഴ് താരം വിജയ് ആണ്. പുതിയ ചിത്രമായ ദളപതി 69ന് വേണ്ടി 275 കോടിയാണ് വിജയ് വാങ്ങുന്നത്. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമായിരിക്കും ദളപതി 69.

Pushpa 2

രണ്ടാം സ്ഥാനത്തുള്ളത് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനാണ്. 250 കോടിയാണ് ഷാരൂഖിന്റെ പ്രതിഫലം. സിനിമയില്‍ നിന്ന് നാല് വര്‍ഷത്തോളം ഇടവേളയെടുത്ത ഷാരൂഖ് കഴിഞ്ഞ വര്‍ഷം സ്വപ്‌നതുല്യമായ തിരിച്ചുവരവാണ് കാഴ്ചവെച്ചത്. പത്താന്‍, ജവാന്‍ എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായി 1000 കോടി ക്ലബ്ബില്‍ കയറിയപ്പോള്‍ ഡങ്കി 500 കോടിയും നേടി. എന്നാല്‍ ഷാരൂഖിനെയും വിജയ്‌യെയും ബഹുദൂരം പിന്തള്ളിയാണ് അല്ലു ഇന്ത്യന്‍ സിനിമയെ ഒന്നാകെ ഞെട്ടിച്ചത്.

വലിയ പ്രൊമോഷന്‍ ബഹളങ്ങള്‍ ഒന്നുമില്ലാതെയാണ് പുഷ്പയുടെ ആദ്യഭാഗം ആന്ധ്രക്ക് പുറത്ത് വന്‍ വിജയമായത്. കേരളത്തില്‍ നിന്ന് 12 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 30 കോടിയും നേടിയപ്പോള്‍ ഹിന്ദി പതിപ്പ് 130 കോടിയാണ് നേടിയത്. പുഷ്പ 2വിന്റെ നോര്‍ത്ത് ഇന്ത്യ റൈറ്റ്‌സ് 220 കോടിക്കാണ് വിറ്റുപോയത്. 400 കോടി ബജറ്റിലൊരുങ്ങുന്ന രണ്ടാം ഭാഗം ഡിസംബര്‍ ആറിന് തിയേറ്ററുകളിലെത്തും.

Content Highlight: Allu Arjun became the highest paid Indian actor by beating Shah Rukh Khan And Vijay