Advertisement
Film News
അല്ലു അര്‍ജുനും രാജമൗലിയും ഒന്നിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 16, 08:01 am
Wednesday, 16th March 2022, 1:31 pm

അല്ലു അര്‍ജുനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാന്‍ എസ്.എസ്. രാജമൗലി. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിനായി അല്ലു അര്‍ജുനുമായി രാജമൗലി സംസാരിച്ചുവെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. രാജമൗലിയോടൊപ്പം അച്ഛന്‍ കെ.വി. വിജയേന്ദ്രയും ചിത്രത്തിന്റെ പണിപ്പുരയിലുണ്ട്.

ഇരുവരും അല്ലു അര്‍ജുനുമായി രണ്ടുമൂന്ന് പ്രാവിശ്യം മീറ്റിംഗ് നടത്തിയെന്ന് ചിത്രത്തോട് ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങള്‍ പറയുന്നു. അല്ലു അര്‍ജുനും രാജമൗലിയും ഒന്നിക്കുന്ന ആദ്യചിത്രമായിരിക്കും ഇത്.

സാധാരണഗതിയില്‍ തെലുങ്കുതാരങ്ങളെ തന്റെ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്ന സംവിധായകനാണ് രാജമൗലി. എന്നാല്‍ ഇപ്പോള്‍ ബോളിവുഡില്‍ വരെ ആരാധകരുള്ള താരവുമായാണ് അദ്ദേഹം സിനിമ ചെയ്യാന്‍ പോവുന്നത്.

മഹേഷ് ബാബുവുമൊത്തുള്ള ചിത്രമാണ് ഇനി രാജമൗലി ചെയ്യാനിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഇതിനു ശേഷമായിരിക്കും അല്ലു അര്‍ജുനുമൊത്തുള്ള ചിത്രം രാജമൗലി ചെയ്യുക.

അതേസമയം ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 25നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

ജനുവരി 7ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും.

അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.


Content Highlight: Allu Arjun and Rajamouli team up for new movie