ആ ഒരു വാശിയുടെ പുറത്താണ് ഞാന്‍ നാഷണല്‍ അവാര്‍ഡ് തൂക്കിയത്: അല്ലു അര്‍ജുന്‍
Entertainment
ആ ഒരു വാശിയുടെ പുറത്താണ് ഞാന്‍ നാഷണല്‍ അവാര്‍ഡ് തൂക്കിയത്: അല്ലു അര്‍ജുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th November 2024, 4:25 pm

നിലവില്‍ തെലുങ്കിലെ ബ്രാന്‍ഡ് നടനാണ് അല്ലു അര്‍ജുന്‍. വമ്പന്‍ സംവിധായകരുടെ സഹായമില്ലാതെ തന്റെ സ്റ്റാര്‍ഡം കൊണ്ടുമാത്രം പാന്‍ ഇന്ത്യന്‍ റീച്ച് നേടാന്‍ അല്ലുവിന് സാധിച്ചു. ഹിന്ദിയില്‍ പ്രോപ്പര്‍ റിലീസ് ഇല്ലാതെ നോര്‍ത്ത് ഇന്ത്യയില്‍ അല്ലു അര്‍ജുന്‍ നേടിയ പോപ്പുലാരിറ്റി തെലുങ്കിലെ മറ്റ് നടന്മാര്‍ക്ക് സ്വപ്‌നം മാത്രമാണ്. ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2വിന്റ നോര്‍ത്ത് ഇന്ത്യന്‍ റൈറ്റ്‌സ് വിറ്റുപോയത് 200 കോടിക്കുമുകളിലാണ്. പുഷ്പയുടെ ആദ്യ ഭാഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അല്ലുവിനെ തേടിയെത്തിയിരുന്നു.

പുഷ്പ പോലൊരു കൊമേഴ്‌സ്യല്‍ മസാലാചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് നല്‍കിയതില്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ദേശീയ അവാര്‍ഡ് കിട്ടിയപ്പോഴുള്ള അവസ്ഥ പങ്കുവെക്കുകയാണ് അല്ലു അര്‍ജുന്‍. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ നടന്മാരുടെ ലിസ്റ്റ് താന്‍ വായിച്ചുനോക്കിയിരുന്നെന്നും എന്നാല്‍ അതില്‍ ഒരു തെലുങ്ക് നടന്റെ പേര് പോലും കണ്ടിരുന്നില്ലെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

അത് തനിക്ക് വളരെയധികം വിഷമമമുണ്ടാക്കിയെന്നും ആ ലിസ്റ്റ് താന്‍ മനസില്‍ റൗണ്ട് ചെയ്ത് വെച്ചെന്നും അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. നല്ല സമയത്ത് നല്ലൊരു സിനിമ ചെയ്ത് അതിലെ പെര്‍ഫോമന്‍സിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് താന്‍ തൂക്കുകയായിരുന്നുവെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുന്ന ആദ്യ തെലുങ്ക് നടനെന്ന ചരിത്രം സൃഷ്ടിക്കാനായതില്‍ സന്തോഷമുണ്ടെന്നും അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. അണ്‍സ്‌റ്റോപ്പബിള്‍ എന്ന പരിപാടിയില്‍ നടന്‍ ബാലകൃഷ്ണയോട് സംസാരിക്കുകയായിരുന്നു അല്ലു അര്‍ജുന്‍.

‘ഞാന്‍ ഒരിക്കല്‍ മികച്ച നടനുള്ളദേശീയ അവാര്‍ഡ് കിട്ടിയ നടന്മാരുടെ ലിസ്റ്റ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അതില്‍ ഒരു തെലുങ്ക് നടന്റെ പേര് പോലും കാണാന്‍ കഴിയാത്തത് എന്നെ വളരെയധികം സങ്കടപ്പെടുത്തി. ഇത്രയും വര്‍ഷത്തെ ചരിത്രത്തില്‍ തെലുങ്കില്‍ നിന്ന് ഒരൊറ്റ നടനും നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടില്ല. ആ ലിസ്റ്റ് ഞാന്‍ എന്റെ മനസില്‍ റൗണ്ട് ചെയ്ത് വെച്ചു.

ഒരു വാശിയായി അതെന്റെ മനസില്‍ കിടന്നു. സമയവും സാഹചര്യവും അനുസരിച്ച് ഒരു സിനിമ ചെയ്ത് ആ നാഷണല്‍ അവാര്‍ഡ് ഞാന്‍ തൂക്കി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടുന്ന നടനായി ഞാന്‍ മാറിയത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. ചരിത്രത്തിന്റെ ഭാഗമാകുക എന്നത് ചെറിയ കാര്യമല്ലല്ലോ. ഒരുപാട് അഭിമാനം തോന്നിയ മൊമന്റായിരുന്നു അത്,’ അല്ലു അര്‍ജുന്‍ പറയുന്നു.

Content Highlight: Allu Arjun about his feelings after he won national award