|

അര്‍ഹതയുണ്ടെങ്കില്‍ അനുവദിക്കണം; നഴ്‌സിന് മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മൂന്നാമത്തെ പ്രസവത്തിന് പ്രസവാവധി തേടിയ നഴ്‌സിന് അവധി അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അര്‍ഹതയുള്ളവര്‍ക്ക് അവധി അനുവദിക്കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.

മധുര രാജാജി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. കരാര്‍ ജീവനക്കാരിയായതിനാല്‍ ആദ്യത്തെ രണ്ട് പ്രസവങ്ങളിലും അവധി ലഭിച്ചിരുന്നില്ലെന്നും മൂന്നാമത്തെ പ്രസവത്തിന് അവധി അനുവദിക്കണമെന്നും കാണിച്ച് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

ഒരു സ്ത്രീ ജീവനക്കാരിയുടെ അവകാശം പ്രസവാവധി നിയമങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കുറക്കാനാവില്ലെന്ന് ജസ്റ്റിസ് ആര്‍.വിജയകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ വനിതാ ജീവനക്കാരിക്ക് അവരുടെ സേവന കാലയളവില്‍ രണ്ട് തവണ മാത്രമേ പ്രസവവാധി തേടാന്‍ കഴിയൂ എന്നതാണ് ചട്ടമെന്നും പ്രസവാവധി നിഷേധിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി നിരസിച്ച ഉത്തരവ് നിലനില്‍ക്കില്ലെന്നും അത് പുനസ്ഥാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹരജിക്കാരിക്ക് ആദ്യത്തെ രണ്ട് പ്രസവത്തിനും അവധി ലഭിക്കാത്തതിനാല്‍ മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി തേടാന്‍ അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

2008ല്‍ കരാറടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നുവെങ്കിലും 2018 ലാണ് നിയമനം റെഗുലറൈസ് ചെയ്തത്. കരാറില്‍ ജോലി ചെയ്യുന്നതിനിടയില്‍ 2009ലും 2012ലും നഴ്‌സ് ഗര്‍ഭിണി ആയിരുന്നു. എന്നാല്‍ അന്ന് പ്രസവാവധി ലഭിച്ചിരുന്നില്ല.

പിന്നാലെ ആദ്യ വിവാഹത്തില്‍ നിന്ന് വേര്‍പിരിയുകയും മറ്റൊരു വിവാഹത്തിലൂടെ വീണ്ടും 2024ല്‍ ഗര്‍ഭിണിയായതോടെ പ്രസവാവധിക്ക് ആശുപത്രി അധികൃതരെ സമീപിക്കുകയായിരുന്നു. എന്നാല്‍ മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി നല്‍കാന്‍ കഴിയില്ലെന്നും മറ്റേതെങ്കിലും അവധിയെടുക്കാമെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്.

പിന്നാലെ മറ്റൊരു ലീവിന് അപേക്ഷിച്ചെങ്കിലും ജി.ആര്‍.എച്ച് മെഡിക്കല്‍ ബോര്‍ഡ് മെഡിക്കല്‍ നല്‍കാതെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകായിരുന്നു. പിന്നാലെയാണ് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: Allow if eligible; Madras High Court grants maternity leave to nurse for third child

Video Stories