ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷമെങ്കിലും നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങായിരുന്നു ദല്‍ഹിയില്‍ നടന്ന റാലിയില്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.
കാര്‍ഷിക നിയമങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷമെങ്കിലും നടപ്പാക്കാന്‍ അനുവദിക്കണമെന്നും കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെന്ന് കണ്ടെത്തിയാല്‍ അവ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നായിരുന്നു രാജ്‌നാഥ് സിങ് പറഞ്ഞത്.
‘ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഞങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കട്ടെ. ഇത് ഒരു പരീക്ഷണമായി ശ്രമിക്കാം, കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെങ്കില്‍, സാധ്യമായ എല്ലാ ഭേദഗതികള്‍ക്കും സര്‍ക്കാര്‍ തയ്യാറാകും,’ എന്നായിരുന്നു ദല്‍ഹിയില്‍ നടന്ന റാലിയില്‍ രാജ്‌നാഥ് സിങ് പറഞ്ഞത്.
ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെ ചെറുക്കുന്നതിന് 100 പത്രസമ്മേളനങ്ങളും 700 മീറ്റിംഗുകളും പൊതുറാലികളും നടത്താനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ദല്‍ഹിയിലേയും റാലി.
‘എല്ലാ പ്രശ്നങ്ങളും നമുക്ക് സംഭാഷണത്തിലൂടെ പരിഹരിക്കാനാകും. കര്‍ഷകരുമായി ചര്‍ച്ച തുടരണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. കാര്‍ഷിക നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിഷേധിക്കുന്ന എല്ലാ കര്‍ഷകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇത് നടപ്പിലാക്കാന്‍ നിങ്ങള്‍ അനുവദിക്കണം’ പ്രതിരോധ മന്ത്രി പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിലുള്ള അഭ്യര്‍ത്ഥനയുമായി രാജ്‌നാഥ് സിങ് രംഗത്തെത്തുന്നത്.
ധര്‍ണ്ണയില്‍ ഇരിക്കുന്നവര്‍ കര്‍ഷകരാണ്, കര്‍ഷകരുടെ കുടുംബത്തില്‍ ജനിച്ചവരാണ്. തങ്ങള്‍ക്ക് അവരോട് വളരെയധികം ബഹുമാനമുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി വഴി രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്കായി 18000 കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളൊന്നും വിജയിക്കാതെ വന്നതോടെയാണ് കിസാന്‍ സമ്മാന്‍ നിധിയിലൂടെ കര്‍ഷകര്‍ക്ക് ധനസഹായം എത്തിക്കാനുള്ള പുതിയ നീക്കമാണ് കേന്ദ്രം നടത്തിയത്.
കാര്‍ഷക പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തെ പഴിചാരിയായിരുന്നു ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബില്‍ പോയി രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം.
‘കേരളത്തില്‍ നിന്നും ചിലര്‍ സമരം ചെയ്യാനായെത്തുന്നുണ്ട്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരാണ്. കേരളത്തില്‍ എന്തുകൊണ്ട് എ.പി.എം.സി നിയമമില്ല? അവിടെ എന്തുകൊണ്ട് എ.പി.എം.സിയും മണ്ഡിയും നടപ്പാക്കുന്നില്ല. അതുകൊണ്ട് ഇത് രാഷ്ട്രീയം കലര്‍ത്തിയുള്ള സമരമാണ്,’ മോദി പറഞ്ഞു.
ഇടതുപക്ഷം നടത്തുന്നത് ഇവന്റ് മാനേജ്മെന്റാണ്. ബംഗാളിലെ കര്‍ഷകര്‍ എന്തുകൊണ്ട് സമരം ചെയ്തില്ല? കര്‍ഷകരുടെ പേരില്‍ സമരം നടത്തുന്നവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു.
ഇന്ന് പ്രധാനമന്ത്രി ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായാണ് സംവദിക്കുന്നത്. രാജ്യത്തെ ഒമ്പത് കോടി കര്‍ഷകരെയാണ് മോദി അഭിസംബോധന ചെയ്യുന്നത്.
അതേസമയം സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ ഇന്നും ആവര്‍ത്തിച്ചു. അമിത് ഷാ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞതിന്റെ പിന്നാലെയായിരുന്നു കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്.
നിലവിലെ കര്‍ഷക നിയമത്തില്‍ അര്‍ത്ഥശൂന്യമായ ഭേദഗതികള്‍ വരുത്തി ചര്‍ച്ചയ്ക്കായി വരേണ്ടതില്ലെന്ന് കേന്ദ്രത്തോട് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
രേഖാമൂലം തയ്യാറാക്കിയ വ്യക്തമായ നിര്‍ദ്ദേശം കൈയ്യിലുണ്ടെങ്കില്‍ മാത്രം അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാകാമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
കേന്ദ്രം തങ്ങള്‍ക്കു മുന്നില്‍വെച്ച ബില്ലിന്റെ രൂപരേഖയില്‍ എം.എസ്.പി, വൈദ്യുതി ഉപഭോഗത്തിന്റെ വില, എന്നിവ സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ‘
Allow Farm Laws For Year Or Two, Will Amend If…”: Rajnath Singh