ന്യൂദല്‍ഹി: വീടുകളില്‍ ആളുകള്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്താന്‍ പൊലീസിന് അനുമതി നല്‍കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമത്തില്‍ അത്തരത്തില്‍ മാറ്റംകൊണ്ടുവരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു
മഹാരാഷ്ട്രയില്‍ ബീഫ് കഴിക്കുന്നത് കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞവര്‍ഷമായിരുന്നു ഉത്തരവിറക്കിയത്. മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ (ഭേദഗതി) ആക്ട്, 1995 ലെ സെക്ഷന്‍ 5 ഡി ഭേദഗതി ചെയ്തുകൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.
മഹാരാഷ്ട്രയില്‍ ബീഫ് കഴിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ഭരണഘടനാവിരുദ്ധമാണെന്നും സംസ്ഥാനത്തിനു പുറത്തുനിന്ന് മാംസം കൊണ്ടുവരുന്നതിനും തടസ്സമില്ലെന്നും അന്ന് കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, പശുവിനെയും കാളയേയും അറക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പശുവിനേയോ കാളയേയോ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പരിശോധിക്കാനുള്ള അനുമതിയും കോടതി നല്‍കിയിരുന്നു. എന്നാല്‍ വീട്ടിനുള്ളില്‍ ആളുകള്‍ ബീഫ് സൂക്ഷിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസിന് പ്രത്യേക അനുമതി കൊടുക്കണമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ആവശ്യം.
സ്വകാര്യത അടിസ്ഥാനപരമായ അവകാശമായി കണക്കാക്കുന്നതോടൊപ്പം തന്നെ ബീഫ് വീടുകളില്‍ സൂക്ഷിക്കുന്നത് കുറ്റകരമാണെന്നും അതിനെതിരെ നടപടി കൈക്കൊള്ളാന്‍ പൊലീസിന് അനുമതി വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
19 വര്‍ഷം മുന്‍പ് മഹാരാഷ്ട്ര അസംബ്ലി പാസാക്കിയ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ബില്ലിന് 2015 മാര്‍ച്ചില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയതോടെയാണ് ബീഫ് നിരോധനം ഇവിടെ നിലവില്‍ വന്നത്. ഈ നിയമപ്രകാരം മഹാരാഷ്ട്രയില്‍ ബീഫ് വിറ്റാല്‍ 10,000 രൂപ പിഴയും 5 കൊല്ലം ജയില്‍വാസവുമാണ് ശിക്ഷ.
സംസ്ഥാനത്തിനു പുറത്തുവച്ച് അറുത്ത കാളയുടെ ഇറച്ചി കൈവശം വയ്ക്കുന്നതിന് ഒരു വര്‍ഷം തടവും രണ്ടായിരം രൂപ പിഴയും ഏര്‍പ്പെടുത്തിയിരുന്നു.
1995ല്‍ ബി.ജെ.പി-ശിവസേന ഭരണകൂടമാണ് മഹാരാഷ്ട്ര അസംബ്ലിയില്‍ ബീഫ് നിരോധന ബില്ല് പാസാക്കിയത്. 1976 മുതലുളള മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം പശുക്കളെ കൊല്ലുന്നത് നിരോധിച്ചിരുന്നു.
തുടര്‍ന്ന് പുതിയ നിയമം നിലവില്‍ വന്നതോടെ എല്ലാതരം മാടുകളെയും അറക്കുന്നതിനും,അവയുടെ മാംസം വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.