| Monday, 3rd June 2019, 1:15 pm

അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മിക്കാന്‍ നരേന്ദ്ര മോദി ഭൂമി അനുവദിക്കണമെന്ന് സുബ്രമണ്യ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി അനുവദിക്കണമെന്ന് ബി.ജെ.പി എം.പി സുബ്രമണ്യ സ്വാമി. രാമ സേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണമെന്നും സുബ്രമണ്യ സ്വാമി ആവശ്യപ്പെട്ടു.

ക്ഷേത്ര നിര്‍മാണത്തിന് ഭൂമി അനുവദിക്കാന്‍ സുപ്രീം കോടതിയുടെ അനുവാദം ആവശ്യമില്ലെന്നും മുന്‍ പ്രധാനമന്ത്രി പി.വി നരംസിംഹ റാവുവിന്റെ കാലത്ത് ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും സുബ്രമണ്യ സ്വാമി നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി .

അതേസമയം, ബാബരി മസ്ജിത് ഭൂമി തര്‍ക്കം സുപ്രീം കോടതിയുടെ പരിഗണയിലാണുള്ളത്.

അയോധ്യയില്‍ ഏറ്റെടുത്ത അധിക ഭൂമി തിരിച്ചു നല്‍കാന്‍ അനുമതി തേടി ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ജനുവരിയില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത് തെറ്റായിരുന്നുവെന്നും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പൊതു താല്‍പ്പര്യത്തിന് വേണ്ടി ആര്‍ക്കെങ്കിലും അനുവദിക്കാന്‍ കോടതിയുടെ അനുവാദം ആവശ്യമില്ലെന്നും സ്വാമി കത്തില്‍ ചൂണ്ടിക്കാട്ടി.

1993 -94 കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത, ബാബരി ഭൂമിക്ക് ചുറ്റുമുള്ള 67.7 ഏക്കര്‍ ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ച് നല്‍കാന്‍ അനുമതി തേടിയാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഭൂമിയുടെ 42 ഏക്കര്‍ വി.എച്ച്.പി ട്രസ്റ്റായ രാം ജന്മഭൂമി ന്യാസ് പലകാലങ്ങളിലായി വാങ്ങിയിരുന്നു.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്നത് 2.77 ഏക്കര്‍ വരുന്ന ഭൂമിയിലാണ്. ഇതിന് ചുറ്റുമായി സ്ഥിതി ചെയ്യുന്ന 67 ഏക്കര്‍ 1993ലെ അയോധ്യ ആക്ടിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തത്. ഈ നീക്കത്തിനെതിരായ വിവിധ ഹരജികളില്‍ 2003 മാര്‍ച്ച് 31ന് സുപ്രീം കോടതി നിര്‍ണായക വിധി പറഞ്ഞിരുന്നു.

‘ബാബരി ഭൂമിയും ചുറ്റുമുള്ള 67 ഏക്കറും സര്‍ക്കാര്‍ ആര്‍ക്കും കൈമാറരുത്. ഒരു മതത്തിന്റെയും വിശ്വാസ ആചാര ആവശ്യങ്ങള്‍ക്ക് ഈ ഭൂമി ഉപയോഗിക്കരുത്’ എന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വിധി ഭേദഗതി ചെയ്യണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിലെ ആവശ്യം.

We use cookies to give you the best possible experience. Learn more