| Wednesday, 12th May 2021, 9:32 am

കൊവിഡിനിടയിലെ തെരഞ്ഞെടുപ്പ് ഉണ്ടാക്കാവുന്ന ദുരന്തത്തെ കുറിച്ച് സര്‍ക്കാരുകളും തെരഞ്ഞെടുപ്പ് കമ്മിഷനും ചിന്തിച്ചില്ല: കോടതികള്‍ക്കും അലഹബാദ് ഹൈക്കോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: കൊവിഡ് വ്യാപനത്തിനിടയിലും തെരഞ്ഞെടുപ്പ് നടത്തിയതിനെതിരെ സര്‍ക്കാരുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ അലഹബാദ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെടാതിരുന്ന മറ്റ് ഹൈക്കോടതികളെയും അലഹബാദ് ഹൈക്കോടതി കുറ്റപ്പെടുത്തി.

കൊവിഡ് വ്യാപനത്തിനിടയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പും നടത്തിയതിനെതിരെയാണ് അലഹബാദ് ഹൈക്കോടതി രംഗത്തുവന്ന്. ജസ്റ്റിസ് സിദ്ധാര്‍ത്ഥ് അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനമുന്നയിച്ചത്.

തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 19 മുതല്‍ 29 വരെ നാല് ഘട്ടങ്ങളായിട്ടായിരുന്നു ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് വോട്ടെടുപ്പ് നടന്നത്.

ഈ തെരഞ്ഞെടുപ്പുകള്‍ വരുത്തിവെയ്ക്കാന്‍ പോകുന്ന വലിയ പ്രത്യാഘാതങ്ങളെ കുറിച്ച് സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതികളും ചിന്തിച്ചില്ലെന്ന് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമുണ്ടായ ആദ്യ തരംഗത്തില്‍ കൊവിഡ് ഗ്രാമങ്ങളിലേക്ക് എത്തിയിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ രോഗം പടര്‍ന്നുപിടിച്ചിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

നഗരപ്രദേശങ്ങളില്‍ കൊവിഡ് പടരുന്നത് തടയാനുള്ള കഠിന ശ്രമത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരെന്നും പുതിയ കൊറോണ വൈറസ് വകഭേദത്തെ തടയാന്‍ സര്‍ക്കാര്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുയാണെന്നും കോടതി പറഞ്ഞു. ഗ്രാമങ്ങളില്‍ രോഗബാധ വര്‍ധിച്ചാല്‍ ടെസ്റ്റുകള്‍ നടത്തി രോഗം സ്ഥിരീകരിക്കുന്നതും ചികിത്സ ലഭ്യമാക്കുന്നതും ഏറെ ബുദ്ധിമുട്ടുള്ള പ്രക്രിയയായിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊവിഡ് വ്യാപനം തടയുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. നേരത്തെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി രംഗത്തുവന്നിരുന്നു.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 306 മരണങ്ങളും നടന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Alllahabad High Court criticises Govts, Election Commission, and Courts for conduction Elections during Covid

We use cookies to give you the best possible experience. Learn more