ന്യൂയോര്‍ക്ക്: അള്‍ജീരിയ, ഗുയാന, സിയേറ ലിയോണ, സ്‌ളോവേനിയ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളെ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു. 2024 ജനുവരി ഒന്ന് മുതല്‍ രണ്ട് വര്‍ഷമാണ് കാലാവധി. എന്നാല്‍ ഉക്രൈന്‍ അധിനിവേശത്തിന് റഷ്യയുമായി സഖ്യമുണ്ടാക്കിയതിനാല്‍ ബെലാറസിനെ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സ്‌ളോവേനിയ ഒഴികെയുള്ള രാജ്യങ്ങള്‍ എതിരില്ലാതെയാണ് 15 അംഗ സംഘടനയില്‍ ഇടം നേടിയത്. എന്നാല്‍ ബെലാറസിനെ പിന്തള്ളിയാണ് സ്ലോവേനിയ തെരഞ്ഞെടുക്കപ്പെട്ടത്. അല്‍ബാനിയ, ബ്രസീല്‍, ഗബോണ്‍, ഘാന, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്ക് പകരമാണ് ഈ രാജ്യങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.
കിഴക്കന്‍ യൂറോപ്യന്‍ സീറ്റിലേക്ക് 2007 മുതല്‍ ബൊലാറസ് എതിരില്ലാത്ത സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളില്‍ ബെലാറസിലെ അധികാരികളുടെ ക്രൂരമായ അടിച്ചമര്‍ത്തലിന് ശേഷം 2021 ഡിസംബറില്‍ സ്ലോവേനിയ മത്സരത്തില്‍ പ്രവേശിക്കുകയായിരുന്നു.
ബെലാറസില്‍ തന്ത്രപരമായി ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള നീക്കം കഴിഞ്ഞ മാസമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. 1991ലെ സോവിയേറ്റ് യൂണിയന്റെ പതനത്തിന് ശേഷം റഷ്യക്ക് പുറത്ത് ആദ്യമായിട്ടാണ് ഇത്തരം ആയുധങ്ങള്‍ വിന്യസിക്കുന്നത്.
‘ഉക്രൈനെ പല രാജ്യങ്ങളും പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നില്‍ റഷ്യ എപ്പോഴും വാദിക്കുന്നു. എന്നാല്‍ ആ രാജ്യങ്ങള്‍ സ്വകാര്യമായി റഷ്യയോട് അനുഭാവം പുലര്‍ത്തുന്നവരാണ്,’ അന്താരാഷ്ട്ര ക്രൈസിസ് ഗ്രൂപ്പിന്റെ ഐക്യരാഷ്ട്ര സഭ ഡയറക്ടര്‍ റിച്ചാര്‍ഡ് ഗോവാന്‍ പറഞ്ഞു.
ഉപരോധം ഏര്‍പ്പെടുത്തുക, ബലപ്രയോഗത്തിന് അംഗീകാരം നല്‍കുക തുടങ്ങിയ നിയമപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുള്ള ഐക്യരാഷ്ട്ര സഭയുടെ ഏക കൗണ്‍സിലാണ് സെക്യൂരിറ്റി കൗണ്‍സില്‍. ഇതിലെ സ്ഥിരാംഗങ്ങള്‍ ബ്രിട്ടന്‍, ചൈന, റഷ്യ, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ്.
കൗണ്‍സിലില്‍ ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പ്രാദേശിക ഗ്രൂപ്പുകള്‍ക്കും സീറ്റ് നല്‍കാറുണ്ട്.
CONTENT HIGHLIGHTS: allied with Russia to invade Ukraine; Belarus to the U.N. Not elected to the Security Council