ആ ഒരു ഉറപ്പ് തന്നാല്‍ യു.പിയില്‍ സഖ്യത്തിന് തയ്യാര്‍; അഖിലേഷ് യാദവിനോട് എ.ഐ.എം.ഐ.എം.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ( എസ്.പി.)യുമായി സഖ്യത്തിലേര്‍പ്പെടുന്നതിന് വിരോധമില്ലെന്ന് എ.ഐ.എം.ഐ.എം. എന്നാല്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ എസ്.പി. തയ്യാറാകണമെന്നും എ.ഐ.എം.ഐ.എം. ആവശ്യപ്പെട്ടു.

നിലവില്‍ ചെറുകക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച മുന്നണിയിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്. ഓം പ്രകാശം രാജ് ബബ്ബര്‍ നയിക്കുന്ന മുന്നണിയില്‍ എ.ഐ.എം.ഐ.എമ്മിനെക്കൂടാതെ ഭാരതീയ വഞ്ചിത് സമാജ് പാര്‍ട്ടി, ഭാരതീയ മാനവ് സമാജ് പാര്‍ട്ടി, ജനതാ ക്രാന്തി പാര്‍ട്ടി, രാഷ്ട്ര ഉദയ് പാര്‍ട്ടി എന്നിവരാണുള്ളത്.

ഭാഗീദാരി സങ്കല്‍പ് മോര്‍ച്ച എന്നാണ് മുന്നണിയുടെ പേര്. മോര്‍ച്ചയുടെ ഒരു മുസ്‌ലീം എം.എല്‍.എയെ ഡെപ്യൂട്ടി സ്പീക്കറാക്കാമെങ്കില്‍ എസ്.പിയുമായി സഖ്യത്തിലേര്‍പ്പെടാമെന്നാണ് എ.ഐ.എം.ഐ.എമ്മിന്റെ നിലപാട്.

പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് ഘടകമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അധികം വൈകാതെ സംസ്ഥാനത്തേക്ക് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എത്തുമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എ.ഐ.എം.ഐ.എം. സംസ്ഥാന അധ്യക്ഷന്‍ ഷൗക്കത്ത് അലി പറഞ്ഞു.

സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് ഉവൈസിയുടെ ശ്രമം. 75 ജില്ലകളിലും ഇതിനോടകം എ.ഐ.എം.ഐ.എം. യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 100 സീറ്റില്‍ മത്സരിക്കുമെന്ന് ഉവൈസി നേരത്തെ പറഞ്ഞിരുന്നു.

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എസ്.പി., ബി.എസ്.പി., കക്ഷികള്‍ക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് എ.ഐ.എം.ഐ.എം. അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിനൊപ്പം സഖ്യത്തിനില്ലെന്നും ഉവൈസി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നാണ് ഉവൈസി പറയുന്നത്. യു.പിയില്‍ ആം ആദ്മിയ്ക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Alliance with Samajwadi Party AIMIM