| Tuesday, 27th August 2024, 7:35 pm

ഹരിയാനയിലെ ദളിത്-കര്‍ഷക വോട്ടുകള്‍ ഉറപ്പാക്കാന്‍ ജെ.ജെ.പി സമാജ് പാര്‍ട്ടിയുമായി സഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഹരിയാനയില്‍ സഖ്യം രൂപീകരിച്ച് ജെ.ജെ.പി (ജന്‍നായക് ജനത പാര്‍ട്ടി)യും ആസാദ് സമാജ് പാര്‍ട്ടിയും. സംസ്ഥാനത്തെ ദളിത്-കര്‍ഷക വോട്ടുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് സഖ്യം രൂപീകരണത്തിന് പിന്നില്ലെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളില്‍ ജെ.ജെ.പിയും 70 സീറ്റുകളില്‍ ആസാദ് സമാജ് പാര്‍ട്ടിയും മത്സരിക്കുമെന്ന് ജെ.ജെ.പി മേധാവിയും എം.എല്‍.എയുമായ ദുഷ്യന്ത് ചൗട്ടാല സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോക്‌സഭാ എം.പിയും ഭീം ആര്‍മി നേതാവുമായ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് സമാജ് പാര്‍ട്ടി. നിലവില്‍ ഹരിയാനയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന തെരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് ഐ.എന്‍.എല്‍.ഡിയും ബി.എസ്.പിയും സഖ്യം രൂപീകരിച്ചിരുന്നു.

കര്‍ഷകരുടെ വികാരം മനസിലാക്കാന്‍ തനിക്ക് കഴിയാതെ പോയതിന്റെ ഫലമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടതെന്ന് സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ജെ.ജെ.പിയുടെ പ്രധാന വോട്ട് കര്‍ഷകരില്‍ നിന്നുള്ളതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചിന്തിച്ചതുപോലെ തങ്ങളും ചിന്തിച്ചു. അതിന്റെ വിലയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയതെന്നും ജെ.ജെ.പി മേധാവി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 87 സീറ്റുകളില്‍ മത്സരിച്ചെങ്കിലും 10 സീറ്റില്‍ മാത്രമാണ് ജെ.ജെ.പിക്ക് വിജയിക്കാനായത്. തുടര്‍ന്ന് ജെ.ജെ.പി പിന്തുണച്ചതോടെ ബി.ജെ.പി ഹരിയാനയില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, സീറ്റ് വിഭജനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ ജെ.ജെ.പി സഖ്യം വിട്ടു.

ഹരിയാന ഉപമുഖ്യമന്ത്രിയായിരുന്ന ചൗട്ടാല ഇനി ഒരിക്കലൂം ബി.ജെ.പിയുമായി സഖ്യം ചേരില്ലെന്ന് അടുത്തിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്‍.ഡി.എയില്‍ തനിക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന കാരണത്താലാണ് ചൗട്ടാല സഖ്യം വിട്ടത്.

എ.എന്‍.ഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍, സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ജെ.ജെ.പിയെ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് ദുഷ്യന്ത് ചൗട്ടാല പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ജെ.പി തന്നെയായിരുന്നു കിങ് മേക്കറെന്നും ചൗട്ടാല ചൂണ്ടിക്കാട്ടുകയുണ്ടായി.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ജെ.പിക്ക് 0.87 ശതമാനം വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയെ പോലും ജെ.ജെ.പിക്ക് പാര്‍ലമെന്റിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതുമില്ല. ഈ പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ജെ.പി സമാജ് പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ചത്.

Content Highlight: Alliance with JJP Samaj Party to secure dalit-farmer votes in Haryana

We use cookies to give you the best possible experience. Learn more