ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു. അരവിന്ദര്‍ സിങ് ലൗലിയാണ് രാജിവെച്ചത്.
അധ്യക്ഷ സ്ഥാനം മാത്രമാണ് രാജിവെച്ചതെന്നും കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. നാല് പേജുള്ള രാജിക്കത്താണ് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ചത്. എ.എ.പിയുമായി ദല്‍ഹിയില്‍ സഖ്യമുണ്ടാക്കിയത് തന്റെ അറിവോടയല്ലെന്ന് അരവിന്ദര്‍ സിങ് തന്റെ രാജിക്കത്തില്‍ ആരോപിച്ചു.
ഇതിലുള്ള എതിര്‍പ്പ് എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ തന്റെ എതിര്‍പ്പ് മറികടന്നാണ് എ.എ.പി നേതാക്കളുമായുള്ള ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി നിര്‍ണയവുമെല്ലാം നടന്നതെന്ന് അരവിന്ദര്‍ സിങ് കത്തില്‍ പറഞ്ഞു.
കനയ്യകുമാറിന്റെയടക്കം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പി.സി.സി അധ്യക്ഷനായ തന്റെ അറിവോടയല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. എ.എ.പി നേതാക്കളുമായി നടന്ന ബ്ലോക്ക് തല സമിതിയിലെ അംഗങ്ങളെ നിയമിക്കാന്‍ പോലും തനിക്ക് അധികാരമില്ലായിരുന്നെന്നും അരവിന്ദര്‍ സിങ് ആരോപിച്ചു.
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചത് തന്റെ സമ്മതം ഇല്ലാതെയാണ്. കെ.സി. വേണുഗോപാലിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് താന്‍ വസതി സന്ദര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും എ.എ.പിയും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. നാലിടങ്ങളില്‍ എ.എ.പിയും മൂന്നിടങ്ങളില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉദിത് രാജിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ ദല്‍ഹിയിലെ പി.സി.സി ആസ്ഥാനത്ത് നേതാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു.
Content Highlight: alliance with AAP; Delhi Congress president resigns