| Monday, 21st October 2019, 5:03 pm

മനോരമയും മറുനാടനും ചേര്‍ന്ന് കൊന്നതാണവരെ, സെന്‍സേഷണലിസത്തിന് വേണ്ടി ആരും ഇങ്ങനെ ചെയ്യരുത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളിയായ അമ്മയും മകനും ദല്‍ഹിയിലെ ഫ്‌ലാറ്റില്‍ മരിച്ച സംഭവത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സുഹൃത്ത്. കോട്ടയം പാമ്പാടി സ്വദേശി ലിസിയും മകന്‍ അലന്‍ സ്റ്റാലിയെയുമായിരുന്നു ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെറ്റായ മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് അലന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹം രംഗത്തെത്തിയത്.

ആറ് മാസം മുന്‍പ് ഇരുവരും ഒരു സ്വത്ത് തര്‍ക്കവും അലന്റെ സ്റ്റെപ് ഫാദറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസും നേരിടുന്നുണ്ടായിരുന്നെന്നും എന്നാല്‍ തെറ്റ് ചെയിതിട്ടില്ലെന്ന ബോധ്യം ഉള്ളതിനാല്‍ അത് അവരെ തളര്‍ത്തിയിരുന്നില്ലെന്നും സുഹൃത്ത് പറയുന്നു. എന്നാല്‍ ഈ സംഭവത്തെ കൂടത്തായ് കേസുമായി ബന്ധപ്പെടുത്തി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുകയും വീഡിയോ തയ്യാറാക്കിയതും ഇവരെ മാനസികമായി തളര്‍ത്തി. ഇതില്‍ മനസ് വിഷമിച്ച് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കൂടത്തായി കേസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത് വരെയും ഇരുവരും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്നും എന്നാല്‍ വാര്‍ത്ത വന്നതില്‍ പിന്നെ കോളുകള്‍ എടുക്കാതായെന്നും സുഹൃത്ത് പറയുന്നു.

(‘നാല് ദിവസം മുമ്പ് (October 15) മലയാള മനോരമയില്‍ ഒരു വാര്‍ത്ത വന്നു. അലന്റെ അമ്മയെകുറിച്ച് മോശമായ രീതീയില്‍ അഞ്ച് കോളം വാര്‍ത്ത അവര്‍ എഴുതിപിടിപ്പിച്ചിരുന്നു. വാര്‍ത്തയുടെ ചുവടുപിടിച്ച് യൂറ്റിയൂബ് ചാനലുകളായ മറുനാടനും മലയാളി വാര്‍ത്തയും മറ്റും വാര്‍ത്തകള്‍ പടച്ചുവിട്ടു. ആന്റിയെ കൂടത്തായിയോട് ചേര്‍ത്ത്. എരിവും പുളിയും കൂട്ടി.

സംഭവിച്ചത് ഇതാണ്. ആറ് മാസമായി അവര്‍ ഒരു സ്വത്ത് തര്‍ക്കവും അലന്റെ സ്റ്റെപ് ഫാദറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഒരു കേസ് നേരിടുന്നുണ്ടായിരുന്നു. കേസും കാര്യങ്ങളും അവരെ തളര്‍ത്തി. പക്ഷെ തെറ്റ് ചെയ്യാത്തതിനാല്‍ പിടിച്ചുനില്‍ക്കണമെന്ന് അവനും ആന്റിയും തീരുമാനിച്ചു.
വക്കീലിനെ വെച്ചു. ഉറച്ചുനിന്നു. അതിനിടയിലാണ് ഈ വാര്‍ത്ത വരുന്നത്.’)

ഐ.ഐ.ടി ദല്‍ഹിയില്‍ ഫിലോസഫിയില്‍ ഗവേഷണം ചെയ്തിരുന്ന അലന്‍ കഴിഞ്ഞ വര്‍ഷമാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. 2 മാസം മുന്‍പ് ലിസി ദല്‍ഹിയിലെത്തിയ ശേഷം പീതംപുരയില്‍ താമസമാക്കി. അലന്റെ സുഹൃത്തുക്കള്‍ ഇന്നലെ ഫ്‌ലാറ്റിലെത്തിയപ്പോഴാണു ലിസിയുടെ മരണം അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അലന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഖത്തറില്‍ നല്ല ജോലി ചെയ്തിരുന്ന ജോണ്‍ വിത്സന്റെ ആദ്യഭാര്യ വത്സമ്മ രോഗബാധിതയായി 11 വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ജോലി വിരമിച്ചശേഷം ജോണ്‍ നാട്ടിലെത്തി ലിസിയെ പുനര്‍വിവാഹം ചെയ്തു. ലിസിയുടെ ആദ്യ ഭര്‍ത്താവ് മരിച്ചിരുന്നു. എന്നാല്‍ 2018 ഡിസംബര്‍ 31ന് ജോണിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ജോണിന്റെ ആത്മഹത്യയ്ക്കു കാരണം വിഷാദ രോഗമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനിടെ ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആദ്യഭാര്യയിലെ മകള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു.

ഇതിനിടെയാണു കൂടത്തായി കേസ് വരുന്നത്. അതോടെ ചില മാധ്യമങ്ങളില്‍ കൂടത്തായി മോഡല്‍ കഥകള്‍ വന്നുതുടങ്ങി. ജോണിന്റെ കോടികള്‍ തട്ടാനായി രണ്ടാം ഭാര്യയും മകനും കൂടി അയാളെ കൊലപ്പെടുത്തി എന്ന മട്ടിലായിരുന്നു വാര്‍ത്ത.

മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത മൂലം മനസ് തകര്‍ന്ന ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് ശേഷവും, മോശമായ രീതിയില്‍ വീണ്ടും ഈ മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തു. മരിച്ചതിനുശേഷവും അവര്‍ വെറുതെ വിടുന്നില്ലെന്നും അലന്റെ സുഹൃത്ത് രാജീവ് പറയുന്നു.

ഡൂള്‍ന്യൂസ് ഡെസ്‌ക്