സൗത്ത് ആഫ്രിക്കയുടെ ഇതിഹാസ ബൗളറാണ് അലന്‍ ഡൊണാള്‍ഡ്. പ്രോട്ടിയാസിന് വേണ്ടി റെഡ്‌ബോളില്‍ 330 വിക്കറ്റും ഏകദിനത്തില്‍ 272 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ സൗത്ത് ടി-20 ലീഗായ എസ്.എ20യില്‍ കളിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്ന രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പേര് പറയുകയാണ് മുന്‍ പേസര്‍.
ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയുടേയും ജസ്പ്രീത് ബുംറയുടേയും പേരാണ് അലന്‍ പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളെ കളിക്കാന്‍ അനുവദിച്ചാല്‍ ലീഗിന്റെ വളര്‍ച്ചയ്ക്ക് സഹായകമാണെന്നും ഇരുവരും രണ്ട് ഫ്രാഞ്ചൈസികളില്‍ കളിക്കുമ്പോള്‍ മികച്ച അനുഭവമായിരിക്കുമെന്നുമാണ് ഡൊണാള്‍ഡ് അഭിപ്രായപ്പെട്ടത്. എസ്.എ20യുടെ അംബാസിഡര്‍ കൂടിയായ മുന്‍ താരം ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
അലന്‍ ഡൊണാള്‍ഡ് ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് പറഞ്ഞത്
‘ലീഗിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ പോകാന്‍ ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ ഇരുവരുടേയും (വിരാട്, ബുംറ) സാന്നിധ്യം സവിശേഷമായിരിക്കും. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഓരോ ഫ്രാഞ്ചൈസിക്കും വേണ്ടി കളിക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ, വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും ടൂര്‍ണമെന്റില്‍ കളിക്കുന്നത് ഗംഭീരമായിരിക്കും, അത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഒരു ബാറ്ററെയും ഒരു ബൗളറെയും തെരഞ്ഞെടുക്കേണ്ടി വന്നാല്‍ എന്റെ ഇഷ്ട താരങ്ങളെ ഞാന്‍ തെരഞ്ഞെടുക്കും,’ അലന്‍ ഡൊണാള്‍ഡ് പറഞ്ഞു.
നിലവില്‍ ബി.സി.സി.ഐയുടെ നിയമപ്രകാരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിദേശ ലീഗുകളില്‍ കളിക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ വിരമിക്കേണ്ടിവരും. അത്തരത്തില്‍ എസ്.എ20 ലീഗില്‍ നിലവില്‍ കളിക്കുന്ന ഇന്ത്യന്‍ താരമാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേശ് കാര്‍ത്തിക്. പാള്‍ റോയല്‍സിന് വേണ്ടിയാണ് താരം കളിക്കുന്നത്.
Content Highlight: Allen Donald Names Two Indian Players That He Wants To Play In S.A20