പീഡനശ്രമം; വനിതാ ജഡ്ജി രാജി വെച്ചു, ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതി
Daily News
പീഡനശ്രമം; വനിതാ ജഡ്ജി രാജി വെച്ചു, ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th August 2014, 1:23 pm

courtorder1[] ന്യൂദല്‍ഹി: ഹൈക്കോടതി ജഡ്ജി ലൈഗികപീഡനത്തിന് ഇരയാക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് വനിതാ അഡീഷനല്‍ ജഡ്ജി രാജി വെച്ചു. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിക്കെതിരെ ഗ്വാളിയറിലെ വനിതാ ജഡ്ജിയുടെതാണ് ആരോപണം.

ഇത് സംബന്ധിച്ച പരാതി രാഷ്ട്രപതിക്കും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിയമമന്ത്രിക്കും നല്‍കി. 2012ല്‍ സെഷന്‍സ് ജഡ്ജിയായതു മുതല്‍ ഹൈക്കോടതി ജഡ്ജി പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ വനിതാ ജഡ്ജി പറയുന്നു.

ഒറ്റയ്ക്ക് തന്റെ ബംഗ്ലാവ് സന്ദര്‍ശിക്കണമെന്നും നൃത്തം ചെയ്യണമെന്നുമായിരുന്നു ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദ്ദേശം. ഇതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വനിതാ ജഡ്ജിയെ ഗ്വാളിയറില്‍ നിന്ന് സിദ്ദിയിലേക്ക് സ്ഥലം മാറ്റിയതായും പരാതിയില്‍ പറയുന്നു. ജുഡീഷ്യല്‍ പ്രൊഫഷനില്‍ നിന്നു തന്നെ പുറത്താക്കുമെന്ന ഭീഷണിയുണ്ടായപ്പോഴാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും വനിതാ ജഡ്ജി പറയുന്നുണ്ട്. ഹൈക്കോടതി ജഡ്ജിയുടെ അധികാരത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്നും അതിനാല്‍ രാജിവയ്ക്കുകയാണെന്നുമാണ് ജൂലായ് 15ന് നല്‍കിയ രാജിക്കത്തിലുള്ളത്.

വനിതാ ജഡ്ജിയുടെ പരാതി തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ പറഞ്ഞു. അത് കിട്ടിയാലുടന്‍ പരിശോധിച്ച് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ വിശാഖ കമ്മിറ്റിയുടെ അധ്യക്ഷപദവി വഹിക്കുകയായിരുന്ന വനിതാ ജഡ്ജി 2011ലാണ് ഗ്വാളിയറില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കപ്പെട്ടത്. ദല്‍ഹിയിലെ കോടതികളിലായി 15 വര്‍ഷം പ്രാക്ടീസിന് ശേഷം മധ്യപ്രദേശിലെ ഹയര്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ എഴുതിയാണ് സര്‍വീസിലെത്തുന്നത്.

ജസ്റ്റിസ് ഡി.കെ പാലിവാലിന് കീഴില്‍ പരിശീലനത്തിന് ശേഷം 2012 ഒക്‌ടോബറില്‍ ഗ്വാളിയറിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി. 2013 ഏപ്രിലിലാണ് വിശാഖ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണാകുന്നത്.