അഹമ്മദാബാദ്: ഗുജറാത്തില്‍ ‘നോര്‍ത്ത് ഈസ്റ്റ്’ ഭക്ഷണം വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് നാഗാലാന്‍ഡില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനം. ചൊവ്വാഴ്ച അഹമ്മദാബാദിലെ ചാണക്യപുരിയില്‍ നോണ്‍വെജ് വിഭവങ്ങളായ നോര്‍ത്ത് ഈസ്റ്റ് ഭക്ഷണം വില്‍പ്പന നടത്തിയവര്‍ക്ക് നേരെയാണ് അക്രമമുണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നാഗാലാന്‍ഡില്‍ നിന്നുള്ളവര്‍ നടത്തുന്ന ‘വണ്‍ സ്റ്റോപ്പ് നോര്‍ത്ത്-ഈസ്റ്റ്’ എന്ന റെസ്റ്റോറന്റിലേക്ക് പത്ത് പേരടങ്ങുന്ന ആള്‍ക്കൂട്ടം അതിക്രമിച്ച് കയറിയാണ് അക്രമമുണ്ടാക്കിയതെന്ന് നോര്‍ത്ത് ഈസ്റ്റ് ലൈവ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് മാംസവും മറ്റ് നോണ്‍ വെജ് വിഭവങ്ങളും വില്‍ക്കരുതെന്നും വില്‍ക്കാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിക്കേറ്റ നാഗാലാന്‍ഡില്‍ നിന്നുള്ള യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.