എഴുതാത്ത പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക്; എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ പരാതിയുമായി സഹപാഠി
Kerala News
എഴുതാത്ത പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക്; എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ പരാതിയുമായി സഹപാഠി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd October 2021, 4:19 pm

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ പരാതി. പരീക്ഷയ്ക്ക് ഹാജരാകാതെ കോളേജിനെ സ്വാധീനിച്ച് മാര്‍ക്ക് നേടിയെന്നാണ് നവാസിനെതിരെയുള്ള പരാതി. സഹപാഠിയായ പ്രദീപ് എന്നയാളാണ് നവാസിനെതിരെ പരാതിയുമായി സര്‍വകലാശാലയെ സമീപിച്ചിരിക്കുന്നത്.

എല്‍.എല്‍.ബിയുടെ ഒന്നാം സെമസ്റ്ററിന്റെ വൈവ പരീക്ഷയില്‍ ഒരു തവണ പോലും നവാസ് ഹാജരായിട്ടില്ലെന്നും എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളേക്കാള്‍ മികച്ച മാര്‍ക്ക് നവാസിന് ലഭിക്കുകയായിരുന്നുവെന്നുമാണ് പ്രദീപ് പറയുന്നത്.

കോളേജിലെ പരാതി പരിഹാര സെല്ലിന് അപേക്ഷ നല്‍കി അവരാണ് നവാസിന് മാര്‍ക്ക് അനുവദിച്ചതെന്നും എന്നാല്‍ പരീക്ഷയ്‌ക്കെത്താത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കുന്നത് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പരാതി പരിഹാര സെല്ലിനാണ് പ്രദീപ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. നവാസിന് മാര്‍ക്ക് നല്‍കിയിരിക്കുന്നത് വഴിവിട്ട രീതിയിലാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

മുസ്‌ലിം ലീഗിന് കീഴിലുള്ള എം.സി.ടി കോളേജ് അധികൃതര്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിന് മാര്‍ക്ക് നല്‍കിയതെന്നും പരാതിക്കാരന്‍ പറയുന്നു.

ആകെ നടന്ന നാല് പരീക്ഷകളില്‍ ഒന്നുപോലും നവാസ് എഴുതിയിട്ടില്ല എന്ന രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ യാതൊരു വിധത്തിലുള്ള ചട്ടലംഘനങ്ങളും നടത്തിയിട്ടില്ല എന്നാണ് കോളേജ് അധികൃതരുടെ വാദം.

നേരത്തെ നവാസിനെതിരെ ഹരിതയിലെ മുന്‍ സംസ്ഥാന നേതാക്കള്‍ ലൈംഗികാധിക്ഷേപ പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ നവാസിനെ സംരക്ഷിക്കുകയും പരാതി നല്‍കിയ കമ്മിറ്റി പിരിച്ചു വിടുകയുമായിരുന്നു മുസ്‌ലിം ലീഗ് നേതൃത്വം ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight:  Allegedly got marks without writing the exam. Complaint against MSF leader