| Monday, 5th July 2021, 8:42 am

അധ്യാപക നിയമനത്തില്‍ പിന്നാക്ക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു; മദ്രാസ് ഐ.ഐ.ടിയില്‍ സംവരണ നയം അട്ടിമറിച്ച് ഉയര്‍ന്ന ജാതി നിയമനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജ്യത്തെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മദ്രാസ് ഐ.ഐ.ടിയില്‍ അധ്യാപക നിയമനങ്ങളില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് പ്രാമുഖ്യം നല്‍കുന്നതായി ആരോപണം. വിവിധ അധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ സംവരണം ലംഘിക്കപ്പെട്ടതായി വിവരാവകാശരേഖ പ്രകാരമുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ.ഐ.ടി. ക്യാമ്പസിനകത്ത് കടുത്ത ജാതി വിവേചനങ്ങളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് സംവരണ അട്ടിമറിയുടെ കണക്കുകള്‍ പുറത്തുവരുന്നത്.

സംവരണം ചെയ്യപ്പെട്ട തസ്തികകളില്‍ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തായിരിക്കുന്നത്. 2019 ജൂണ്‍ വരെ ജനറല്‍ കാറ്റഗറിയില്‍ പ്രഫസര്‍ നിയമനങ്ങളില്‍ 153 പേരെ മാത്രം ആവശ്യമുള്ളപ്പോള്‍ 273 മുന്നാക്ക വിഭാഗക്കാരെയാണ് നിയമിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഒ.ബി.സി. വിഭാഗത്തിലെ 84 തസ്തികകളില്‍ 29 എണ്ണം മാത്രമാണ് നികത്തിയത്. സോഷ്യല്‍ കാറ്റഗറി ലിസ്റ്റിലെ 47 തസ്തികകളില്‍ 15 പേരെ മാത്രമേ ഈ കാലയളവില്‍ നിയമിച്ചിട്ടുള്ളു.

സോഷ്യല്‍ കാറ്റഗറിയില്‍ 47 തസ്തികകളില്‍ 15 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഗോത്ര വിഭാഗത്തില്‍ 23 ഒഴിവുകളില്‍ ഒന്നില്‍ മാത്രമാണ് നിയമനം നടത്തിയത്. അസി. പ്രൊഫസര്‍ തസ്തികയില്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ട 120 പേര്‍ ജോലി ചെയ്യുമ്പോള്‍ ഒ.ബി.സി. വിഭാഗങ്ങളില്‍ നിന്ന് 18 പേരും പട്ടികജാതി വിഭഗത്തില്‍ നിന്ന് ഏഴ് പേരും ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരാള്‍ മാത്രവുമാണെന്നാണ് കണക്കുകള്‍ പറയുന്നത്.

അതേസമയം, ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് മലയാളി അധ്യാപകന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായിരുന്ന വിപിന്‍. പിയായിരിന്നു രാജിവെച്ചിരുന്നത്.

ഡിപ്പാര്‍ട്ട്മെന്റില്‍ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്നു വിപിന്‍. 2019ലാണ് വിപിന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അന്ന് മുതല്‍ ജാതിയുടെ പേരില്‍ കടുത്ത വിവേചനമാണ് താന്‍ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജോലിയില്‍ നിന്നും രാജിവെക്കുന്നതിനുള്ള പ്രധാന കാരണം ഇതു തന്നെയാണെന്നും വിപിന്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.

2019ല്‍ മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു. അധ്യാപകരുടെ പീഡനത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഫാത്തിമ ഫോണിലെഴുതിയ അവസാന കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Allegedly giving priority to upper castes in teaching appointments in Madras IIT

We use cookies to give you the best possible experience. Learn more