ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ പ്രിന്‍സിപ്പാളിനെ മര്‍ദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍
national news
ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ പ്രിന്‍സിപ്പാളിനെ മര്‍ദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th July 2023, 4:58 pm

മുംബൈ: പൂനെയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ക്ക് നേരെ ഹിന്ദുത്വ പ്രവര്‍ത്തകരുടെ അക്രമം. ഡി.വൈ. പാട്ടീല്‍ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ അലക്‌സാണ്ടര്‍ കോട്‌സിനെ സ്‌കൂള്‍ പരിസരത്ത് വെച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കുട്ടികളോട് ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചാണ് മര്‍ദനമെന്നാണ് പൊലീസ് പറയുന്നത്.

തങ്ങളുടെ മക്കളെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പല രക്ഷിതാക്കളും ഹിന്ദുത്വ പ്രവര്‍ത്തകരോട് പരാതിപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഹിന്ദു ആഘോഷങ്ങള്‍ക്ക് കുട്ടികള്‍ക്ക് അവധി നല്‍കാറില്ലെന്നും അവര്‍ ആരോപിക്കുന്നു. പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഹിന്ദുത്വ ഗ്രൂപ്പ് ആരോപിച്ചു.

ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഹര്‍ ഹര്‍ മഹാദേവ് എന്ന് വിളിച്ച് കൊണ്ട് അദ്ദേഹത്തെ പിന്തുടര്‍ന്ന് മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം.

ഒരുപറ്റം രക്ഷിതാക്കള്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കൊപ്പം വന്ന് പ്രിന്‍സിപ്പാളിനെ മര്‍ദിച്ച് വസ്ത്രം വലിച്ച് കീറുകയായിരുന്നെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് സാവന്ത് പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ അവര്‍ ആരോപിക്കുന്ന സി.സി.ടി.വി ക്യാമറ പുറത്തേക്കുള്ള വഴിയിലാണ് സ്ഥാപിച്ചത്. ഓ..ലോര്‍ഡ് എന്ന് തുടങ്ങുന്ന ഒരു സാധാരണ പ്രാര്‍ത്ഥനയാണ് ചൊല്ലാന്‍ ആവശ്യപ്പെട്ടത്. ഇത് ബൈബിള്‍ നിന്നുള്ള വാക്യമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ പ്രാര്‍ത്ഥനയില്‍ പരിവര്‍ത്തനത്തെക്കുറിച്ചോ ബൈബിളില്‍ നിന്നുള്ളതാണോ എന്ന ഒരു സൂചനയും ഇല്ല.

രക്ഷിതാക്കള്‍ സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണമുണ്ടാകും. സ്‌കൂള്‍ ഇതുവരെ ഒരു പരാതിയും നല്‍കിയിട്ടില്ല. എന്നാല്‍ പ്രിന്‍സിപ്പാളിനെ കൈയ്യേറ്റം ചെയ്തവര്‍ക്കെതിരെ ഞങ്ങള്‍ നടപടിയെടുക്കും,’ അദ്ദേഹം പറഞ്ഞു.

content highlights: Allegedly forced to recite Christian prayer; Hindutva activists beat the principal in Maharashtra