| Thursday, 19th December 2024, 8:01 am

മണിപ്പൂരിൽ സ്റ്റാർലിങ്ക് ഉപകരണം ഉപയോഗത്തിലുണ്ടെന്ന ആരോപണം നിഷേധിച്ച് മസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാൽ: മണിപ്പൂരിൽ സായുധ സംഘടനകൾ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഉപയോഗിച്ചെന്ന ആരോപണം തള്ളി സ്പേസ് എക്സ്, ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക്. ഇന്ത്യയിൽ സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നില്ലെന്നാണ് മസ്കിന്റെ പ്രതികരണം.

ഇംഫാൽ താഴ് വരയിലെ മെയ്തെയ് സായുധ സംഘടനകളിൽ നിന്ന് സ്റ്റാർലിങ്ക് ഉപകരണങ്ങൾ പിടിച്ചെടുത്തതോടെയാണ് സംസ്ഥാനത്ത് ആരോപണം ഉയർന്നത്.

സൈന്യം നടത്തിയ തിരച്ചിലിനിടെ ആയുധങ്ങൾക്കൊപ്പം സ്റ്റാർലിങ്കിന്റെ ലോഗോയും അടയാളങ്ങളുമുള്ള ഉപകരണങ്ങൾ കണ്ടെത്തുകയായിരുന്നു. ഉപകരണങ്ങളിൽ ആർ.ഡി.എഫ്, പി.എൽ.എ എന്നിങ്ങനെയുള്ള ലിഖിതങ്ങളും ഉണ്ട്.

കരസേനയുടെ സ്പിയർ കോറും അസം റൈഫിൾസും നടത്തിയ തിരച്ചിലിലാണ് ഈ ഉപകരണങ്ങൾ കണ്ടെത്തിയത്. ഡിസംബർ 13ന് നടത്തിയ തിരച്ചിലിലാണ് ഉപകരണങ്ങൾ കണ്ടെടുത്തത്.

ആഭ്യന്തര കലാപം രൂക്ഷമായ 2023 മുതൽ മണിപ്പൂരിൽ നിരവധി തവണ ഇന്റർനെറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇത് മറികടക്കുന്നതിനായി കണ്ടെടുത്ത സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം.

മ്യാന്മറിൽ നിന്ന് കടത്തിയ ഉപകരണങ്ങളാണ് മണിപ്പൂരിൽ നിന്ന് കണ്ടെത്തിയതെന്നും സൈന്യം സംശയിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചുരാചന്ദ്പൂർ, ചന്ദേൽ, ഇംഫാൽ ഈസ്റ്റ്, കാഗ്പോക്പി എന്നിവിടങ്ങളിലും സൈന്യത്തിന്റെ പരിശോധന നടന്നിരുന്നു. ഇവിടങ്ങളിൽ നിന്ന് ഓട്ടോമാറ്റിക് ആയുധങ്ങൾ, റൈഫിളുകൾ, പിസ്റ്റളുകൾ, സിംഗിൾ ബാരൽ റൈഫിളുകൾ, ഗ്രനേഡുകൾ, തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

ആയുധങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെ സ്പിയർകോർപസ് ഇന്ത്യൻ ആർമി സോഷ്യൽ മീഡിയയിൽ തിരച്ചിൽ സംബന്ധിച്ച വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്റ്റാർലിങ്ക് സേവനം തീവ്രവാദികളും ഉപയോഗിക്കുന്നു, ഇക്കാര്യത്തിൽ മസ്‌ക് നിയന്ത്രണം കൊണ്ടുവരണം തുടങ്ങിയ ആരോപണങ്ങളും ആവശ്യങ്ങളും ഉയർന്നത്.

തുടർന്ന് ഈ പോസ്റ്റിന് താഴെയുള്ള പ്രതികരണങ്ങൾക്ക് മറുപടിയെന്നോണമാണ് മസ്‌ക് പ്രതികരിച്ചത്. ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ ഭീമുകൾ ഓൺ ചെയ്തിട്ടില്ലെന്നാണ് മസ്‌ക് പറഞ്ഞത്.

സ്റ്റാർലിങ്കിന്റെ പ്രവർത്തനത്തിന് നിലവിൽ ഇന്ത്യയിൽ ലൈസൻസ് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ ഇത്തരത്തിൽ ഒരു ആരോപണം ഉയരുന്നത് ആശങ്കാജനകമാണ്.

സാറ്റലൈറ്റ് ഇന്റർനെറ്റ് ആക്സസ് നൽകുന്നതിനായി സ്പേസ് എക്സ് നിർമിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാർ ലിങ്ക്. പതിനായിരക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതി കൂടിയാണിത്.

Content Highlight: Alleged use of Starlink device in Manipur; Musk denied

We use cookies to give you the best possible experience. Learn more