| Wednesday, 9th March 2022, 6:11 pm

വാരണാസിയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കടത്തിയെന്ന ആരോപണം; എ.ഡി.എമ്മിനെ വോട്ടെണ്ണല്‍ ചുമതലയില്‍ നിന്ന് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്ക്നൗ: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കടത്തിക്കൊണ്ടുപോയെന്ന് അഖിലേഷ് യാദവ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ, മണ്ഡലത്തിലെ എ.ഡിഎമ്മിനെ വോട്ടെണ്ണല്‍ ജോലിയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി. അഖിലേഷ് യാദവിന്റെ ആരോപണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

കഴിഞ്ഞ ദിവസം വാരണാസിയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പിടികൂടിയിരുന്നു. മൂന്ന് ട്രക്കിലായാണ് ഇ.വി.എം കണ്ടെത്തിയത്. ഒരു ട്രക്ക് പിടികൂടിയെങ്കിലും രണ്ടെണ്ണം ഓടിച്ചുപോയെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതോടെയാണ് വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കടത്തുവെന്നാണ് അഖിലേഷ് യാദവ് ആരോപിച്ചത്.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പരാജയപ്പെടാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മന്ദഗതിയിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അഖിലേഷ് ആരോപിച്ചിരുന്നു.

പരിശീലന ആവശ്യങ്ങള്‍ക്കാണ് ഈ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതെന്നും അവ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു ജില്ലാ മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ മണ്ഡലത്തിലെ എ.ഡി.എമ്മിനെ വോട്ടെണ്ണല്‍ ജോലിയില്‍ നിന്ന് മാറ്റിയതോടെ അഖിലേഷിന്റെ ആരോപണം ശരിയാണെന്ന വസ്തുതയാണ് പുറത്തുവരുന്നത്.

Content Highlights: Alleged smuggling of voting machines in Varanasi; The ADM was removed from the counting duty

We use cookies to give you the best possible experience. Learn more