| Thursday, 23rd March 2023, 11:55 pm

ലവ് ജിഹാദ് ആരോപണം; നാല് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിനെ കുറ്റവിമുക്തനാക്കി സെഷന്‍സ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലൗ ജിഹാദ് കേസ് ആരോപിച്ച് അറസ്റ്റ് ചെയ്ത യുവാവിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചനം. 2019ലെ കേസില്‍ ജയിലിലടച്ച യുവാവിനെ കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സെഷന്‍സ് കോടതിയാണ് കുറ്റവിമുക്തനാക്കിയത്. വ്യാഴാഴ്ച ജഡ്ജി പ്രിയ. കെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് യുവാവിനെ കുറ്റവിമുക്തനാക്കുന്ന ഉത്തരവിറക്കുകയായിരുന്നു.

ലൗ ജിഹാദെന്ന ആരോപണം നിലനില്‍ക്കില്ലെന്നും പീഡനം നടന്നിട്ടില്ലെന്നും കോടതി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം സഹപാഠിയെ സരോവരം പാര്‍ക്കില്‍ വെച്ച് പീഡിപ്പിച്ചുവെന്നതായിരുന്നു ആരോപണം. മതമാറ്റം ലക്ഷ്യമാക്കിയുള്ള ലൗ ജിഹാദാണ് ഉണ്ടായതെന്നും ആരോപണം വന്നിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജാസിമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്.

അതേസമയം ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് സ്‌നേഹത്തിലായിരുന്നുവെന്നും, ഇതാണ് ആരോപണത്തിന് പിന്നിലെന്നും കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു.

സി.സി.ടി.വിയിലെ ദൃശ്യങ്ങളില്‍ തട്ടിക്കൊണ്ടുപോകുന്നതിന്റെ തെളിവുകളില്ലെന്നും ജാസിമുമായി സംസാരിച്ച് പെണ്‍കുട്ടി കാറില്‍ കയറിപ്പോയതായി ബോധ്യപ്പെട്ടുവെന്നും കോടതി അറിയിച്ചു.

മതമാറ്റം അടക്കമുള്ള ലക്ഷ്യങ്ങള്‍ യുവാവിനുണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു.

content highlight: Alleged Love Jihad; The Sessions Court acquitted the young man after four years

We use cookies to give you the best possible experience. Learn more