ഹൈദരാബാദ്: ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും മാനസികയമായും ശാരീരികവുമായും പീഡനം നേരിട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതായി പരാതി.
മിര്‍സ സല്‍മാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ ഉടനെ മുറിയില്‍ കയറി തൂങ്ങിമരിച്ചത്. സ്‌കൂളിലെ ഫീസ് കൃത്യസമയത്ത് അടയ്ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഇഫാം ടാലന്റ് സ്‌കൂള്‍ അധികൃതരില്‍ നിന്നും വലിയ പീഡനമായിരുന്നു മിര്‍സ സല്‍മാന് നേരിടേണ്ടി വന്നതെന്ന്് സഹോദരന്‍ ബഷീര്‍ ആരോപിക്കുന്നു.
“അവര്‍ എല്ലാ കുട്ടികളുടേയും മുന്നില്‍ വെച്ച് അവന്റെ പാന്റ് വലിച്ചൂരിയിരുന്നു. ചെറിയ കുട്ടികളുടെ ക്ലാസില്‍ അവനെ അധ്യാപകര്‍ കൊണ്ടിരുത്തുകയും ചെയ്തു. വലിയ രീതിയിലുള്ള മാനസിക പീഡനമാണ് അവന് അനുഭിക്കേണ്ടി വന്നത്. ഇതെല്ലാം അവന്‍ വീട്ടില്‍ വന്ന് പറഞ്ഞിരുന്നു. എല്ലാവരുടേയും മുന്നില്‍വെച്ച് അപമാനിക്കപ്പെട്ട ആ ദിവസം തന്നെ അവന്‍ ഫീസ് അടക്കുകയും ചെയ്തിരുന്നു” ബഷീര്‍ പറയുന്നു.
കുട്ടിയുടെ മരണത്തിന് കാരണം സ്‌കൂള്‍ അധികൃതരാണെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഖജ സൈനുലബ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളിന്റെ രേഖകളും പോലീസ് പിടിച്ചെടുത്തു. ക്ലാസിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
അവസാനമായി സ്‌കൂളില്‍ നിന്നും പോകുമ്പോള്‍ ഇനി ഒരിക്കലും ഇവിടേക്ക് തിരിച്ചുവരില്ലെന്ന് സല്‍മാന്‍ പറഞ്ഞിരുന്നതായി സുഹൃത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം തങ്ങള്‍ കുട്ടിയെ യാതൊരു രീതിയിലും പീഡിപ്പിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം. കുട്ടി ആത്മഹത്യ ചെയ്തത് മറ്റെന്തെങ്കിലും കാരണം കൊണ്ടാകാമെന്നുമാണ് സ്‌കൂള്‍ മാനേജര്‍ പറയുന്നത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസമായി സല്‍മാന് സ്‌കൂള്‍ ഫീസ് നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.