ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്.
ഫെബ്രുവരി 11ന് അറസ്റ്റിലായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് എന്നിവരെ കാണാനെത്തിയ എത്തിയ സ്ത്രീകളെയും കുഞ്ഞിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അന്‍ഷാദിന്റെ മാതാവ് നസീമ, ഭാര്യ മുഹ്‌സിന, ഏഴ് വയസുള്ള മകന്‍ ആതിഫ് മുഹമ്മദ്, ഫിറോസിന്റെ മാതാവ് ഹലീമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാലാവധി കഴിഞ്ഞ ആര്‍.ടി-പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന് ആരോപിച്ചിയിരുന്നു പൊലീസ് നടപടി.
ഇവരെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ യു.പിയിലെത്തിയത്. എന്നാല്‍ ആദ്യ ദിവസം സന്ദര്‍ശനത്തിന് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
രണ്ടാം ദിവസം സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ആര്‍.ടി.പി.സി.ആര്‍ കാലാവധി കഴിഞ്ഞെന്നാരോപിച്ച് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പത്ത് പേരടങ്ങിയ സംഘത്തിലുള്ള മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
തിങ്കളാഴ്ച മുതല്‍ ജയിലില്‍ കഴിയുന്ന സ്ത്രീകളുമായി യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നും ഇവര്‍ക്ക് മലയാളമല്ലാതെ മറ്റുഭാഷകള്‍ അറിയില്ലെന്നും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകന്‍ കെ.സി നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ തെറ്റായ കേസില്‍ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതാണെന്ന് പോപ്പുലര്‍ ഫ്രണ്ട് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
കൊവിഡിന്റെ എല്ലാ ടെസ്റ്റുകളും ഒരുമിച്ച് എടുത്തിട്ടുണ്ട്. എങ്ങനെ മൂന്ന് പേരുടെ സര്‍ട്ടിഫിക്കറ്റ് മാത്രം വ്യാജമാകുമെന്നും പോപ്പുലര്‍ ഫ്രണ്ട് വാര്‍ത്തകുറിപ്പില്‍ ചോദിച്ചു.
കഴിഞ്ഞ ഫെബ്രവരി 11 ന് അറസ്റ്റിലായ ഫിറോസ് ഖാന്‍, അന്‍ഷാദ് ബദ്റുദ്ദീന്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിരുന്നു.
ഫിറോസ് ബോംബ് നിര്‍മാണത്തിന് പരിശീലനം നല്‍കുന്നയാളാണെന്നും അന്‍ഷാദ് ഹിറ്റ് സ്‌ക്വാഡ് തലവനാണെന്നുമാണ് പൊലീസ് പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ സ്ഫോടനം നടത്തുന്നതിന് തയ്യാറായി എത്തിയതാണ് ഇവരെന്നും ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുയെന്നുമാണ് പൊലീസ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
ഫെബ്രുവരി 16നാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യു.പിയിലെ എസ്.ടി.എഫ് അറസ്റ്റ് ചെയ്തതായി യു. പി പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.